മദ്യശാലകൾക്ക് മുന്നിലെ തിരക്ക്: ഹൈക്കോടതി കണ്ണുരുട്ടി, നടപടി സ്വീകരിച്ച് ബെവ്കോ
തിരക്ക് കൂടിയാല്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും പൊലീസ് സഹായം തേടുകയും ചെയ്യണമെന്ന് മാർഗനിർദേശം
ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ മദ്യവില്‍പനശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ബെവ്കോ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം. അനൗൺസ്മെന്‍റ് സംവിധാനം ഏർപ്പെടുത്തണം. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
തിരക്ക് കൂടിയാല്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും പൊലീസ് സഹായം തേടുകയും വേണമെന്നും മാർഗനിർദേശത്തിൽ ബെവ്കോ പറയുന്നു. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ വീഡിയോയും ഫോട്ടോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നുണ്ട്.
ബെവ്കോയുടെ നിസഹായാവസ്ഥ അല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നായിരുന്നു കോടതിയുടെ വിമർശനം. ഹൈക്കോടതിക്ക് സമീപമുള്ള മദ്യ വില്‍പനശാലകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണുണ്ടാകുന്നത്. രാജ്യത്ത് കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേയെന്നും കോടതി ചോദിച്ചിരുന്നു.
കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കും, മദ്യ വില്‍പനശാലകളില്‍ 500 പേര്‍ ക്യൂ നില്‍ക്കുന്നു. ഒരു തരത്തിലുള്ള സാമൂഹ്യഅകലവും പാലിക്കപ്പെടുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ബെവ്കോയുടെ കുത്തകയാണ് മദ്യവില്‍പന, എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്നായിരുന്നു കോടതി ആരാഞ്ഞത്.
Adjust Story Font
16