Quantcast

അനന്തു കൃഷ്ണന്‍ പ്രതിയായ ഓഫർ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇതുവരെ 21 കേസുകളാണ് രജിസ്റ്റർ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    5 Feb 2025 9:12 AM

Published:

5 Feb 2025 7:45 AM

Ananthu Krishnan
X

ഇടുക്കി: ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെതിരെ സ്പെഷ്യൽ ബ്രാഞ്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും തുടർനടപടിയുണ്ടായില്ല. 2022 ലും 2024 ലുമായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. അനന്തു നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നെന്ന് അയൽവാസികൾ മീഡിയവണിനോട് പറഞ്ഞു . കോടികളുടെ ഭൂസ്വത്താണ് ഇടുക്കിയിൽ അനന്തു വാങ്ങിക്കൂട്ടിയത്.

എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ പകുതി വിലയ്​ക്ക് സ്കൂട്ടറും ലാപ് ടോപ്പും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തു കൃഷ്ണൻ്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചതായാണ് വിവരം. തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കെയാണ് വിവിധയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്. തൊടുപുഴ കോളപ്രയിൽ അനന്തുവിൻ്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. സെന്‍റിന്​ ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് വാങ്ങിയതെന്നാണ് വിവരം. ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളും പ്രതി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇയാളുടെ കോളപ്രയിലെ വീട് പൂട്ടിയ നിലയിലാണ്. നാട്ടിൽ പൊതു സമ്മതനായിരുന്നെന്നും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അയൽവാസികൾ പറയുന്നു.

തട്ടിപ്പ് സംബന്ധിച്ച് 2022 ലും 2024 ലും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിലായി നിലവിൽ അഞ്ഞൂറോളം പരാതികൾ ലഭിച്ചതായാണ് വിവരം. അതേസമയം ഓഫർ തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും. ഇതുവരെ 21 കേസുകളാണ് രജിസ്റ്റർ ചെയ്തത്.



TAGS :

Next Story