മുനമ്പം വിഷയം; കുറ്റക്കാർ ഫാറൂഖ് കോളജും ഭരണസമിതിയുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ
പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കും. ഇതിന്റെ നിയമവശങ്ങൾ ഇന്ന് ചേരുന്ന യോഗം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: മുനമ്പം വിഷയത്തിലെ കുറ്റക്കാർ ഫാറൂഖ് കോളജും ഭരണസമിതിയുമാണെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കും. ഇതിന്റെ നിയമവശങ്ങൾ ഇന്ന് ചേരുന്ന യോഗം പരിശോധിക്കും. മുനമ്പത്തെ താമസക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യൂ, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഭൂമി തർക്കത്തിൽ സമവായ നിർദേശമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിനെതിരെ ഫാറൂഖ് കോളജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ പരിഗണിക്കും. അന്തിമ തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലുണ്ടാകും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകും.
Adjust Story Font
16