Quantcast

ആളുകളുടെ ചവിട്ടേറ്റ് വിദ്യാർഥികളുടെ കരളിനും ശ്വാസകോശത്തിനും പരിക്ക്; നട്ടെല്ല് പൊട്ടി

വീണവരുടെ മുകളിലൂടെയാണു പോകുന്നതെന്നു കുട്ടികൾക്കു മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    26 Nov 2023 1:50 AM GMT

CUSAT School of Engineering students will return to classes today after Techfest disaster, Cochin University of Science and Technology, CUSAT
X

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. രാവിലെ ഏഴ് മണിയോടെ തന്നെ പോസ്റ്റുമോർട്ടം ആരംഭിക്കും. ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ആൾക്കൂട്ടം തള്ളിക്കയറിയതിന് പിന്നാലെ താഴെവീണ കുട്ടികൾ ഇതിന്റെ അടിയിൽ പെടുകയായിരുന്നു എന്നാണ് വിവരം.

മരിച്ച നാലുപേരുടെയും കരളിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്, നട്ടെല്ലിനടക്കം പരിക്കുണ്ടെന്നും റിപ്പോർട്ടിൽ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. മഴ വന്നപ്പോൾ കുട്ടികളുടെ ഐഡി കാർഡ് ചെക്ക് ചെയ്തു ഉള്ളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തള്ളിക്കയറ്റമുണ്ടായത്. വീ ണവരുടെ മുകളിലൂടെയാണു പോകുന്നതെന്നു കുട്ടികൾക്കു മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഹാളിൽ ഉൾക്കൊള്ളാൻ പറ്റുന്നതിൽ അധികം ആളുകളുണ്ടായിരുന്നു എന്നും ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു.

ഡി.ജെ നൈറ്റിന് പൊലീസിന്റെ അനുമതി ലഭിച്ചിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. അനുമതി തേടിയെന്ന് സർവകലാശാലയും അനുമതി തേടിയിരുന്നില്ലെന്ന് പൊലീസും പറയുന്നു. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

തിക്കിലും തിരക്കിലുംപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ രാവിലെ പത്ത് മണിക്ക് കുസാറ്റിൽ പൊതുദർശനത്തിന് വെക്കും.

TAGS :

Next Story