"കുഞ്ഞിന്റെ മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയിരുന്നു": കണ്ണീരടക്കാനാകാതെ സാറയുടെ ബന്ധു
കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് സാറാ തോമസ്. സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
കൊച്ചി: 'അതെ അമ്മാമേ, നമ്മുടെ സാറയാണ് പോയത്.. ഞാൻ അവളുടെ അടുത്തുണ്ട്', എന്നാണ് പറഞ്ഞത്. കേട്ടപ്പോൾ തന്നെ നെഞ്ച് പൊട്ടിപ്പോയെന്ന് കുസാറ്റ് അപകടത്തിൽ മരിച്ച രണ്ടാം വർഷ വിദ്യാർത്ഥി സാറാ തോമസിന്റെ ബന്ധു. ടിവിയിലാണ് വിവരമാദ്യം അറിയുന്നത്. സാറയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
കുട്ടിയുടെ മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയിരുന്നുവെന്നും ബന്ധു പറയുന്നു. കൂടെയുണ്ടായിരുന്ന സാറയുടെ സുഹൃത്താണ് മരിച്ചത് സാറ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. താമരശ്ശേരി കോരങ്ങാട് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന തോമസ് - കൊച്ചു റാണി ദമ്പതികളുടെ മകളായ സാറ കുസാറ്റ് എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയാണ്.
കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഗീത നിശ അരങ്ങേറേണ്ട വേദി ദുരന്തഭൂമിയായി മാറി. സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണമായത്. താഴെ വീണ കുട്ടികളുടെ മുകളിലൂടെയാണ് പോകുന്നതെന്ന് മനസിലാക്കാൻ പോലുമാകാത്ത വിധം തിരക്കായിരുന്നു.
മരിച്ച വിദ്യാർത്ഥികളുടെ കരളിനും ശ്വാസകോശത്തിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. എല്ലുകൾ ഒടിഞ്ഞിട്ടുണ്ടെന്നും നട്ടെല്ലിനടക്കം പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. രാവിലെ പത്ത് മണിക്ക് കുസാറ്റിൽ പൊതുദർശനം ആരംഭിക്കും.
Adjust Story Font
16