കുസാറ്റ് അപകടം: പരിക്കേറ്റ മുഴുവനാളുകളെയും ആശുപത്രിയിലേക്ക് മാറ്റി; അഞ്ചു പേരുടെ നില ഗുരുതരം
അടിയന്തര മന്ത്രിസഭായോഗം ചേർന്ന് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.
കൊച്ചി: കുസാറ്റ് ടെക് ഫെസ്റ്റ് ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ മുഴുവൻ വിദ്യാർഥികളെയും ആശുപത്രിയിലേക്ക് മാറ്റി. വളരെ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 64 പേർക്കാണ് പരിക്കേറ്റത്. 18 പേർ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കളമശ്ശേരി മെഡിക്കൽ കോളജിൽ 46 പേർ ചികിത്സയിലുണ്ട്. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്.
അടിയന്തര മന്ത്രിസഭായോഗം ചേർന്ന് കാബിനറ്റ് അനുശോചനം രേഖപ്പെടുത്തിയതായി മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. വിഷയത്തിൽ കലക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മെഡിക്കൽ കോളജിലെത്തി.
കുസാറ്റിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായ ഗാനമേളക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്. നാല് വിദ്യാർഥികൾ മരിച്ചു. മഴ പെയ്തതോടെ പുറത്തുണ്ടായിരുന്ന വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയതോടെയാണ് അപകടമുണ്ടായത്. വിദ്യാർഥികൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു.
Adjust Story Font
16