Quantcast

ലൈംഗികാതിക്രമ പരാതി: പി.കെ ബേബിക്ക് സംരക്ഷണമൊരുക്കി കുസാറ്റ് സിന്‍ഡിക്കേറ്റ്; അപൂർണ റിപ്പോർട്ടിന് അം​ഗീകാരം

അപൂർണ റിപ്പോർട്ട് സിൻഡിക്കേറ്റ് അം​ഗീകരിച്ച സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർഥികൾ ഒരുങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-09-19 12:37:15.0

Published:

19 Sep 2024 11:04 AM GMT

Cusat Syndicate Protects PK Baby in Sexual Assault Case
X

കൊച്ചി: ലൈംഗികാതിക്രമ പരാതി നേരിടുന്ന പി.കെ ബേബിക്ക് സംരക്ഷണമൊരുക്കി കുസാറ്റ് സിന്‍ഡിക്കേറ്റ്. അപൂർണമായ ഐസിസി റിപ്പോർട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. സിൻഡിക്കേറ്റ് അം​ഗം കൂടിയായ ബേബിയെ സ്റ്റുഡന്റ് വെല്‍ഫെയർ ഡയറക്ടർ സ്ഥാനത്തുനിന്നും പുറത്താക്കാനായി വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് നീക്കം.

കുസാറ്റിലെ വിദ്യാർഥിനിക്കുനേരെ കലോത്സവത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പി.കെ ബേബിക്കെതിരെ ഉയർന്ന പരാതി. ഈ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തത്. പരാതിയിൽ കുസാറ്റിലെ ഐസിസി ഒരു അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് രണ്ട് മാസമായിട്ടും സിൻഡിക്കേറ്റിനു നൽകാത്തതിനെതിരെ വിദ്യാർഥികൾ സമരത്തിലായിരുന്നു. പി.കെ ബേബിയെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിനിടെയാണ് ഇന്ന് സിൻഡിക്കേറ്റ് യോഗം ഐസിസി റിപ്പോർട്ട് പരിഗണിച്ചത്.

പി.കെ ബേബിയെയും പെൺകുട്ടിയേയും അനുകൂലിക്കുന്നവരുടെ മൊഴികൾ മാത്രമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു തരത്തിലുള്ള കണ്ടെത്തലും ഇതിലുണ്ടായിരുന്നില്ല എന്നിരിക്കെ ഏറെക്കുറെ പി.കെ ബേബിക്ക് അനുകൂലമായ റിപ്പോർട്ട് അംഗീകരിച്ചിരിക്കുകയാണ് സിൻഡിക്കേറ്റ്. കൂടാതെ, വിദ്യാർഥികളുമായി ഗ്രീവൻസുമായി ബന്ധപ്പെട്ട ഒരു സമിതിയിലും തന്നെ ഇനി ഉൾപ്പെടുത്തരുതെന്ന ആവശ്യവും സിൻഡിക്കേറ്റ് യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള അവധി അപേക്ഷയും അംഗീകരിച്ചു.

ഈ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർഥികൾ ഒരുങ്ങുന്നത്. പി.കെ ബേബിക്കെതിരെ ശക്തമായ നടപടി വേണമെന്നും സ്റ്റുഡന്റ്‌സ് വെൽഫെയർ ഡയറക്ടർ സ്ഥാനത്തുനിന്നും സിൻഡിക്കേറ്റ് അംഗത്വത്തിൽനിന്നും പുറത്താക്കണം എന്നുമാണ് കെഎസ്‌യു, എസ്എഫ്‌ഐ സംഘടനകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നും കെഎസ്‌യു പ്രതിഷേധിച്ചിരുന്നു.

ഡോ. ആശാ ഗോപാലകൃഷ്ണനാണ് ഐസിസിയുടെ ചെയർപേഴ്‌സൺ. കേസ് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ റിപ്പോർട്ട് സർവകലാശാലയ്ക്ക് സമർപ്പിക്കേണ്ടിവരും എന്നിരിക്കെയാണ് ബേബിയെ വെള്ളപൂശുന്ന രീതിയിലുള്ള നീക്കമുണ്ടായിരിക്കുന്നത്.



TAGS :

Next Story