Quantcast

'നെഞ്ച് വേദനയാണെന്ന് പറഞ്ഞിട്ടും കേട്ടില്ല, ആംബുലൻസ് വിളിക്കാൻ തയ്യാറായില്ല'; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സജീവന്റെ ബന്ധുക്കൾ

'ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറോളം സ്‌റ്റേഷനിലിരുത്തി'

MediaOne Logo

Web Desk

  • Published:

    22 July 2022 2:07 AM GMT

നെഞ്ച് വേദനയാണെന്ന് പറഞ്ഞിട്ടും കേട്ടില്ല, ആംബുലൻസ് വിളിക്കാൻ തയ്യാറായില്ല; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സജീവന്റെ ബന്ധുക്കൾ
X

വടകര: വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. കസ്റ്റഡിയിലെടുത്തപ്പോൾ മുതൽ സജീവന് നെഞ്ചുവേദനയുണ്ടായിരുന്നു. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടും അവർ കാര്യമാക്കിയില്ലെന്നും ഗ്യാസാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറോളം സ്‌റ്റേഷനിലിരുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പമായിരുന്നു കല്ലേരി സ്വദേശി സജീവൻ (42) വടകരയ്‌ക്കെത്തിയത്. ഇവരുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്നാണ് തർക്കമുണ്ടായി. ഇതിനിടെ സംഭവസ്ഥലത്ത് പൊലീസ് എത്തുകയും ചെയ്തു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സജീവനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് എസ്.ഐയും കോൺസ്റ്റബിളും സജീവനെ മർദിച്ചതായും ബന്ധുക്കൾ ആരോപിച്ചു. നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് വെള്ളംകൊടുക്കുക മാത്രമാണ് ചെയ്തത്.

വേദന കൂടിയിട്ടും മുക്കാൽ മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. മുക്കാൽ മണിക്കൂറിന് ശേഷം സജീവനെ കസ്റ്റഡിയിൽ വിട്ടു. സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞ് വീണിട്ടും പൊലീസ് വാഹത്തിൽ കൊണ്ടുപോകാനോ ആംബുലൻസ് വിളിക്കാനോ തയ്യാറായില്ലെന്നും സജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന പരിചയക്കാരനായ ഓട്ടോ ഡ്രൈവറാണ് ആംബുലൻസ് വിളിച്ച് സജീവനെ മെഡിക്കൽകോളജിലേക്ക് എത്തിക്കുന്നത്. രാത്രി 12 മണിയോടെ ആശുപത്രിയിൽവെച്ചാണ് സജീവൻ മരിക്കുന്നത്.

TAGS :

Next Story