Quantcast

മെസ്സിയും നെയ്മറും ഇനി കരയ്ക്കിരിക്കും; കട്ടൗട്ടുകൾ ഇന്നു നീക്കം ചെയ്‌തേക്കും

ലോകശ്രദ്ധ നേടിയ കട്ടൗട്ടുകൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയടക്കം രംഗത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-06 04:26:31.0

Published:

6 Nov 2022 1:53 AM GMT

മെസ്സിയും നെയ്മറും ഇനി കരയ്ക്കിരിക്കും; കട്ടൗട്ടുകൾ ഇന്നു നീക്കം ചെയ്‌തേക്കും
X

കോഴിക്കോട്: അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായ കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ ഇന്ന് നീക്കംചെയ്യും. കട്ടൗട്ടുകൾ എടുത്തുമാറ്റാൻ കഴിഞ്ഞ ദിവസം ചാത്തമംഗലം

പഞ്ചായത്തിന്റെ നിർദേശം വന്നിരുന്നു. പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തുമെന്ന് കാണിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നടപടി. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാർത്തയിൽ ഇടം പിടിച്ച മെസിയുടെ കട്ടൌട്ട് അർജന്റീന ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക പേജിലും പങ്ക് വെച്ചിരുന്നു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ചെറുപുഴയിൽനിന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിൽ പരാതി നൽകിയത്. പുഴയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടസപ്പെടുത്തുന്നുവെന്നും വനം വകുപ്പ് നിയമത്തിന് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും വ്യക്തമാക്കി.

പരാതി ലഭിച്ച ഉടൻതന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ മീഡിയവണിനോട് പറഞ്ഞു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കട്ടൗട്ടുകൾ സ്ഥാപിച്ചതെന്നു ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഇവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവരെ അറിയിച്ചത്. കട്ടൗട്ട് നീക്കിയില്ലെങ്കിൽ വേണ്ട നടപടികൾ പഞ്ചായത്ത് ഭരണസമിതി ചേർന്ന് തീരുമാനിക്കുമെന്നും ഗഫൂർ വ്യക്തമാക്കി.

ഖത്തർ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു നാട്ടിൽ ആരാധകരുടെ ആവേശപ്രകടനവും വാശിപ്പോരും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലുള്ള പുള്ളാവൂരിലെ ചെറുപുഴയിലായിരുന്നു സംഭവം. അർജന്റീന ആരാധകരാണ് ആദ്യമായി ലയണൽ മെസ്സിയുടെ കട്ടൗട്ട് പുഴയിൽ സ്ഥാപിച്ചത്. 30 അടി പൊക്കമാണ് കട്ടൗട്ടിനുണ്ടായിരുന്നത്.

കട്ടൗട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനു പിന്നാലെ ബ്രസീൽ ആരാധകരും രംഗത്തെത്തി. പത്തടി കൂടി അധികം പൊക്കമുള്ള ഭീമൻ നെയ്മർ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ പുഴയിൽ തൊട്ടരികെ സ്ഥാപിച്ചത്.

എന്നാൽ, കളിയാവേശത്തിനിടെയുള്ള പഞ്ചായത്തിന്റെ ഇടപെടൽ തീർത്തും നിരാശപ്പെടുത്തുന്നതാണെന്നാണ് ആരാധകർ പറയുന്നത്. ലോകം മൊത്തം ഏറ്റെടുത്തതായിരുന്നു ഇത്. നാട്ടിലിപ്പോൾ മരിച്ച പ്രതീതിയാണെന്ന് പുള്ളാവൂരിലെ ഒരു അർജന്റീന ആരാധകൻ മീഡിയവണിനോട് പ്രതികരിച്ചു. ലോകശ്രദ്ധ നേടിയ കട്ടൗട്ടുകൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയടക്കം രംഗത്തെത്തിയിട്ടുണ്ട്.

Summary: Cut-outs of Lionel Messi and Neymar Jr installed in the Pullavoor river in Kozhikode will be removed today after the instruction from the Panchayath

TAGS :

Next Story