സംസാരത്തെ ദുർവ്യാഖ്യാനം ചെയ്യുന്നു, ഒരു വാക്കെടുത്ത് ഭീഷണിപ്പെടുത്തിയെന്ന് പറയാനാകില്ല; വിആർ സജിയെ ന്യായീകരിച്ച് സിവി വർഗീസ്
സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്‍റുമായ വിആർ സജിയുമായുള്ള സാബുവിന്‍റെ ഫോൺ സന്ദേശം ഇന്ന് പുറത്തുവന്നിരുന്നു
സിവി വർഗീസ്
ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവ് വിആർ സജി ഭീഷണിപ്പെടത്തിയതിനെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. സജിയുടെ സംസാരത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് സിവി വർഗീസ് പറഞ്ഞു. ഒരു വാക്ക് മാത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് പറയാനാകില്ലെന്നും സിവി വർഗീസ് മീഡിയ വണ്ണിനോട് പറഞ്ഞു.
ബാങ്കിന്റെ വീഴ്ച അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. "പാർട്ടി സാബുവിന്റെ കുടുംബത്തോടൊപ്പമാണ്. വിഷയം പോലീസ് അന്വേഷിക്കട്ടെ. പണം കൊടുക്കാൻ അടിയന്തര ശ്രമം നടത്തുന്നുണ്ട്. 17 കോടി ഘട്ടം ഘട്ടമായി കൊടുക്കും,"സിവി വർഗീസ് മീഡിയവണിനോട് പറഞ്ഞു.
സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്‍റുമായ വി.ആർ സജിയുമായുള്ള സാബുവിന്‍റെ ഫോൺ സന്ദേശം ഇന്ന് പുറത്തുവന്നിരുന്നു. പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്നും താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു സജിയോടു പറഞ്ഞു. നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നായിരുന്നു സജിയുടെ പ്രതികരണം. പണി മനസിലാക്കി തരാമെന്നും സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കിൽ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഈ പണം ലഭിക്കാതെ വന്നതോടെയാണ് സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിൽസാർത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്.
Adjust Story Font
16