Quantcast

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണകേസ്: നന്ദകുമാറിനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

നന്ദകുമാറിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-06 10:29:06.0

Published:

6 Sep 2023 10:20 AM GMT

Cyber ​​attack case against Achu Oommen: Nandakumar was questioned  and released,Cyber ​​attack case against Achu Oommen,അച്ചു ഉമ്മനെതിരായ സൈബർ ആക്രമണകേസ്, സൈബർ ആക്രമണകേസ് അച്ചു ഉമ്മന്‍,നന്ദകുമാര്‍,latest malayalam news
X

തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണകേസിൽ ഐഎച്ച്ആർഡി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ നന്ദകുമാറിനെ പൊലീസ് നാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. നന്ദകുമാറിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അല്ലായിരുന്നു നന്ദകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ കൊണ്ടുവന്നത്. പിന്നീട് ഇയാളുടെ സുഹൃത്താണ് ആ ഫോണ്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും തിരികെ പോകുന്ന സമയത്തും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നന്ദകുമാര്‍ തയ്യാറായില്ല. ഹെല്‍മറ്റ് ധരിച്ചാണ് നന്ദകുമാര്‍ സ്റ്റേഷനിലേക്ക് പോയതും വന്നതും.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൂജപ്പുര പൊലീസ് ആണ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്‍റെതാണോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രം മതി ചോദ്യം ചെയ്യൽ എന്നുള്ള നിലപാടിലായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസ്. എന്നാൽ ഇതിനെച്ചൊല്ലി നിരന്തരം വാർത്തകളും വിമർശനങ്ങളും വന്നതോടെയാണ് ആദ്യം ചോദ്യം ചെയ്യൽ നടപടി പൂർത്തിയാക്കാം എന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്.

ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്‍റെതാണോ എന്ന് സ്ഥിരീകരിക്കാനും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ റിക്കവർ ചെയ്യാനും പൂജപ്പുര പൊലീസ് ഫേസ്ബുക്കിന് മെയിൽ അയച്ചിരുന്നു. ഇതിൽ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ.

മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ ഐഎച്ച്ആർഡി അഡ്മിനിസ്‌ട്രേറ്റ് ഓഫീസർ കൂടിയാണ് നന്ദകുമാർ.സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസം മുമ്പാണ് നന്ദകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് സി.പി.എം സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നൽകിയതെന്നാണ് സൂചന. അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാർ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സർവീസ് ചട്ട പ്രകാരവും സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നത് തെറ്റാണ്.


TAGS :

Next Story