വീട് ഇടിഞ്ഞുവീണു, മരങ്ങൾ കടപുഴകി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടം
ചേർത്തല, കുട്ടനാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 24 അംഗ എൻഡിആർഎഫ് സംഘത്തെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടം. കോട്ടയം വെച്ചൂർ ഇടയാഴത്ത് ഒരു വീട് ഇടിഞ്ഞു വീണു. ഇടയാഴം സ്വദേശി സതീശന്റെ വീട് ഇന്നലെ രാത്രിയാണ് ഇടിഞ്ഞു വീണത്. വീട്ടിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ആലപ്പുഴ ചേർത്തല കാളികുളത്ത് ശക്തമായ മഴയിൽ തെങ്ങൊടിഞ്ഞുവീണു വ്യാപാരശാല തകർന്നു. ചേർത്തല കാളികുളത്താണ് അപകടം. ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ മത്സ്യവില്പന ശാലയ്ക്കു മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞു വീണത്.കട പൂർണ്ണമായും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ആലപ്പുഴയിൽ കനത്ത മഴ തുടരുകയാണ്. ചേർത്തല, കുട്ടനാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 24 അംഗ എൻഡിആർഎഫ് സംഘത്തെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. കുട്ടനാട്ടിലും തീരപ്രദേശങ്ങളിലും സംഘമുണ്ടാകും
പത്തനംതിട്ട കോട്ടാങ്ങലിൽ മഴയെ തുടർന്ന് കിണർ ഇടിഞ്ഞു താണു. കോട്ടാങ്ങലിൽ ജോസഫിന്റെ വീടിന് പരിസരത്തെ കിണറാണ് ഇടിഞ്ഞത്. തൃശൂരിൽ മരങ്ങൾ കടപുഴകി വീണു. ഇടുക്കി ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ലോറേഞ്ചിലും ഹൈറേഞ്ചിലും മഴ പെയ്യുന്നുണ്ട്. ഉടുമ്പൻചോലയിൽ വീട് ഭാഗികമായി തകർന്നു. രാജാക്കണ്ടം വെള്ളിമല സ്വദേശി വിനുവിന്റെ വീടാണ് തകർന്നത്. തലനാരിഴക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Adjust Story Font
16