പെൺകുട്ടികൾക്ക് ഡേറ്റിങ്ങും ആൺകുട്ടികൾക്ക് കാശും; പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന് വാഗ്ദാനം നല്കി ഏജൻസികൾ
കോഴ്‌സുകൾക്ക് പ്രൊജക്ടും അസൈൻമെന്റും ചെയ്തുകൊടുക്കുന്ന ഏജൻസികളാണ് ലൈംഗിക ചൂഷണം നടത്തുന്നത്
കോഴിക്കോട്: വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിൽ പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന് വാഗ്ദാനം നല്കി ഏജൻസികൾ. പെൺകുട്ടികളാണെങ്കിൽ ഡേറ്റിങ്ങും ആൺകുട്ടികൾക്ക് കാശും നല്കിയാൽ പരീക്ഷ എഴുതാതെ തന്നെ കോഴ്‌സ് പാസാക്കിതരാമെന്നാണ് വാഗ്ദാനം. കോഴ്‌സുകൾക്ക് പ്രൊജക്ടും അസൈൻമെന്റും ചെയ്തുകൊടുക്കുന്ന ഏജൻസികളാണ് ലൈംഗിക ചൂഷണം നടത്തുന്നത്. ചൂഷണത്തിന് ശ്രമിച്ചവരുടെ ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു.
വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ പ്രൊജക്ടും അസൈൻമെന്റും ചെയ്തു നല്കുമെന്ന വാഗ്ദാനമാണ് ടെലിഗ്രാം മുഖേന ആദ്യം വിദ്യാർഥികൾ ലഭിക്കുക. ആ ലിങ്ക് വഴി ആശയവിനിമയം നടത്തുന്നവർക്കാണ് പരീക്ഷ എഴുതാതെ തന്നെ പാസാകാൻ വഴിയുണ്ടെന്ന വാഗ്ദാനം നൽകുന്നത്. ഇഗ്‌നോ ഉൾപ്പെടെ പ്രധാന യൂനിവേഴ്‌സിറ്റികളെ സ്വാധീനിച്ചാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതെന്നും ഈ സംഘങ്ങൾ അവകാശപ്പെടുന്നത്.
നോട്ടുകൾക്കും അസ്സൈൻമെന്റുകൾക്കും വെവ്വേറെ ഫീസുകൾ ഈടാക്കുന്നതായും പരാതിയുണ്ട്. പേയ്‌മെന്റിനു വേണ്ടി ക്യു.ആർ കോഡ് അയച്ചു തരും. ഫോൺ നമ്പർ നൽകില്ല. നൽകിയ ക്യൂ.ആർ സ്‌കാൻ ചെയ്തപ്പോൾ ശ്രീഹരി എന്ന അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. ടെലിഗ്രാം വഴിയാണ് ഈ സംഘങ്ങൾ വിദ്യാർത്ഥികളെ ബന്ധപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ഫോൺ നമ്പരോ മറ്റു വിവരങ്ങളോ ലഭിക്കാത്തതാണ് പരാതിപ്പെടാൻ തടസമാകുന്നത്.
Adjust Story Font
16