Quantcast

ഡി.സി.സി പട്ടിക; സംസ്ഥാന നേതൃത്വത്തിന് പിന്തുണയെന്ന് താരിഖ് അന്‍വര്‍

'പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്'

MediaOne Logo

Web Desk

  • Updated:

    2021-09-02 10:16:52.0

Published:

2 Sep 2021 10:14 AM GMT

ഡി.സി.സി പട്ടിക; സംസ്ഥാന നേതൃത്വത്തിന് പിന്തുണയെന്ന് താരിഖ് അന്‍വര്‍
X

ഡി.സി.സി അധ്യക്ഷൻമാരുടെ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിന് പിന്തുണയെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഒരാളെയും ഡി.സി.സി പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സമീപിച്ചിട്ടില്ലെന്നും താരിഖ് അൻവർ പറഞ്ഞു.

കെ.പി.സി.സി പുനസംഘടനയിലും സാമുദായിക സമവാക്യങ്ങൾ പരിഗണിക്കും. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും തനിക്കെതിരെ കേരളത്തിലെ ഗ്രൂപ്പുകളിൽ നിന്ന് ഹൈക്കമാന്‍റിലേക്ക് പരാതി വന്നിട്ടില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍ക്കാനാവില്ല. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും സുധാകരന്‍ പറഞ്ഞു.

കെ.സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു.

കോൺഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. ഡി.സി.സി അധ്യക്ഷപട്ടിക അന്തിമമാണെന്നും ഇനി മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, പാര്‍ട്ടിയാണ് മുഖ്യം. അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്. സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം തേടുമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് പങ്കെടുക്കാന്‍ പറ്റില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായും വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തെന്നായിരുന്നു കെ.സുധാകരന്റെ പ്രതികരണം. മാധ്യമങ്ങൾ കെട്ടുക്കഥകൾ പ്രചരിപ്പിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story