കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ യുവാവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം; ദുരൂഹതയെന്ന് ബന്ധുക്കള്‍
പ്രശാന്തിനെ കാണാതായെന്ന് ഭാര്യ സ്റ്റേഷനില്‍ പരാതി നല്‍കിക്കൊണ്ടിരുന്നപ്പോള്‍, പ്രശാന്ത് ഉപയോഗിച്ചിരുന്ന വാഹനം കടന്ന് പോകുന്നത് ബന്ധുക്കള്‍ കണ്ടു..
കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം വാരിശേരി സ്വദേശി പ്രശാന്ത് രാജിന്‍റേതാണെന്നാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ഇയാളെ കാണാതായതായി ബന്ധുക്കൾ പരാതി നല്‍കിയിരുന്നു.
ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ മൃതദേഹം പ്രശാന്തിന്‍റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. പ്രശാന്തിന് 65 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാണാതാകുന്ന ദിവസം രാവിലെ പ്രശാന്ത് ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. പിന്നീട് പ്രശാന്തിനെ കാണാതായെന്ന് ഭാര്യ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിക്കൊണ്ടിരുന്നപ്പോള്‍, പൊലീസ് സ്റ്റേഷന് മുന്നിലൂടെ പ്രശാന്ത് ഉപയോഗിച്ചിരുന്ന വാഹനം കടന്ന് പോകുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ പൊലീസ് ഈ വാഹനം പിന്തുടർന്ന് പിടികൂടി. എന്നാല്‍ പ്രശാന്ത് വാടകയ്ക്ക് എടുത്തിരുന്ന കാറാണ് ഇതെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത്. ജിപിഎസ് പരിശോധിച്ച് എത്തിയപ്പോള്‍ വാഹനം മുടിയൂക്കര ഭാഗത്ത് വെച്ച് കണ്ടെത്തുകയായിരുന്നുവെന്ന് ഇവർ മൊഴി നല്‍കി. ഉടന്‍ തന്നെ പൊലീസ് ഈ ഭാഗത്ത് പരിശോധന നടത്തി.
നാല് സംഘമായി നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജിന് സമീപത്ത് വെച്ച് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കാർ എടുക്കാന്‍ ചെല്ലുമ്പോള്‍ മൃതദേഹം തങ്ങള്‍ കണ്ടില്ലെന്നാണ് ഇവരുടെ മൊഴി. ഈ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Adjust Story Font
16