ഭൂപതിവ് ഭേദഗതി ബിൽ ശുദ്ധ തട്ടിപ്പെന്ന് ഡീൻ കുര്യാക്കോസ്
എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന രാജ്ഭവൻ മാർച്ച് ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി
ഡീന്‍ കുര്യാക്കോസ്
ഇടുക്കി: വികസന നേട്ടമെന്ന നിലയിൽ എൽ.ഡി.എഫ്. സർക്കാർ നിയമസഭയിൽ പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ശുദ്ധ തട്ടിപ്പെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന രാജ്ഭവൻ മാർച്ച് ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിലാണ് ഭൂപതിവ് ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. ബില്ലിൽ ഒപ്പ് വെക്കാത്ത ഗവർണറുടെ നപടിയിൽ പ്രതിഷേധിച്ച് എല്‍.ഡി.എഫ് രാജ്ഭവൻമാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ കർഷകജനതയെ കൊള്ളയടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഡീൻ കുര്യക്കോസ് തുറന്നടിച്ചു. ചട്ടം ലംഘിച്ച് നിർമിച്ച റിസോർട്ടുകളും പാർട്ടി ഓഫീസുകളും ക്രമപ്പെടുത്തുന്നതിനാണ് നിയമ ഭേദഗതിയെന്നും ആരോപണമുണ്ട്.
അതേസമയം പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് സി.പി.എം വിമർശനം. ഈ മാസം ഒമ്പതിന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ പരമാവധി പേരെ പങ്കെടുപ്പിക്കാനാണ് എൽ.ഡി.എഫ് നീക്കം. അന്നേ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഗവർണർ ഇടുക്കിയിലെത്തുമെന്നും സൂചനയുണ്ട്.
Adjust Story Font
16