മൃതദേഹം തലശ്ശേരിയിലെത്തിച്ചതു മുതൽ അടുത്തു തന്നെയുണ്ടായിരുന്നു; വിട്ടു പിരിഞ്ഞത് താങ്ങായി നിന്ന പ്രിയ ചങ്ങാതി
പാർട്ടിയും ഭരണവും പ്രതിസന്ധിയെ നേരിട്ട ഘട്ടങ്ങളിലെല്ലാം പോരാട്ടത്തിന് താങ്ങായുണ്ടായിരുന്ന പ്രിയ ചങ്ങാതിയാണ് യാത്ര പറയുന്നത്
അര നൂറ്റാണ്ടുകാലത്തെ ആത്മ ബന്ധം. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിലെ ജയിൽവാസം മുതൽ പാർട്ടിയും ഭരണവും പ്രതിസന്ധിയെ നേരിട്ട ഘട്ടങ്ങളിലെല്ലാം പോരാട്ടത്തിന് താങ്ങായുണ്ടായിരുന്ന പ്രിയ ചങ്ങാതിയാണ് യാത്ര പറയുന്നത്. ഇന്നലെ ഉച്ചക്ക് മൃതദേഹം തലശ്ശേരിയിലെത്തിയതു മുതൽ അടുത്തു തന്നെയുണ്ടായിരുന്നു പിണറായി .
മൃതദേഹം കോടിയേരിയുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിന്ന് മുമ്പേ തന്നെ പിണറായി കോടിയേരിയുടെ വീട്ടിലെത്തി. ഭാര്യ വിനോദിനിയെയും മക്കളെയും ആശ്വസിപ്പിച്ചു. പ്രിയതമന്റെ വേർപാടിൽ തളർന്ന വിനോദിനിയെ പിണറായിയുടെ ഭാര്യ കമല ചേർത്തു പിടിച്ചു. മക്കളായ ബിനോയിയോടും ബിനീഷിനോടും മുഖ്യമന്ത്രി സംസാരിച്ചു. കുറച്ചു സമയം കോടിയേരിയുടെ വീട്ടിൽ ചിലവിട്ട ശേഷമാണ് പിണറായിയും ഭാര്യയും വീട്ടിലേക്ക് മടങ്ങിയത്. സിപി എം നേതാക്കളായ എസ് രാമചന്ദ്രൻ പിള്ളയടക്കമുള്ളവരും രാത്രി കോടിയേരിയുടെ വീട്ടിലെത്തി. രാതി വീട്ടിൽ പൊതു ദർശനമില്ലെന്ന് അറിയിച്ചിരുന്നിട്ടും നൂറുകണക്കിന് പേരാണ് രാത്രി ഏറെ വൈകിയും കോടിയേരിയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
അതേസമയം കൂത്തുപറമ്പ് വെടിവയ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ തന്റെ പ്രിയ സഖാവിനെ അവസാനമായി ഒന്നു കാണാനെത്തിയത് എല്ലാവരിലും നൊമ്പരമുണർത്തി. വെടിയുണ്ടയേറ്റ് വീണപ്പോൾ താങ്ങായ സഖാവിനോട് അവസാന യാത്ര പറഞ്ഞേ തീരൂ. തലശ്ശേരി ടൗൺ ഹാളിലെത്തിയാണ് പുഷ്പൻ കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം നേർന്നത്.
1994 നവംബർ 25 വെള്ളിയാഴ്ചയിലെ കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേററ് കഴിഞ്ഞ 29 വർഷമായി പുഷ്പൻ കിടപ്പിലാണ്. അപൂർവമായി മാത്രമെ പുറത്തിറങ്ങിയിട്ടുളളു. പക്ഷെ പാർട്ടി വേദികളിൽ എന്നും പാട്ടായും പറച്ചിലായും പുഷ്പൻ ആവേശമായി നിറയാറുണ്ട്.
Adjust Story Font
16