Quantcast

കാലാതീതമായ കാവ്യസുഗന്ധം; പ്രിയ കവയിത്രി മടങ്ങിയിട്ട് ഒരാണ്ട്

കോവിഡ് കേരളത്തിനേൽപ്പിച്ച കനത്ത ആഘാതങ്ങളിലൊന്നായിരുന്നു സുഗതകുമാരിയുടെ മരണം

MediaOne Logo

Web Desk

  • Updated:

    2021-12-23 04:47:08.0

Published:

23 Dec 2021 1:28 AM GMT

കാലാതീതമായ കാവ്യസുഗന്ധം;  പ്രിയ കവയിത്രി മടങ്ങിയിട്ട് ഒരാണ്ട്
X

"ഞാൻ പോയതിന് ശേഷം നിങ്ങളെന്നെ ഓർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ! ഒരു പേരാൽ മരത്തൈ നടുക. ദയവു ചെയ്ത് മരത്തിലോ അതിനടുത്തോ ഒന്നും എഴുതി വയ്ക്കാതിരിക്കുക. പക്ഷികൾ വന്ന് മരത്തിൽ നിന്നും യഥേഷ്ടം പഴങ്ങൾ ഭക്ഷിക്കട്ടെ എനിക്കതു മാത്രം മതി" മലയാളത്തിന്‍റെ പ്രിയ കവയിത്രി സുഗതകുമാരി മരിക്കും മുമ്പ് പ്രിയപ്പെട്ടവരെ ഓർമിപ്പിച്ചത് അതുമാത്രമായിരുന്നു. അനേകകാലം മലയാളമണ്ണിന്‍റെ പച്ചപ്പിനായി പറഞ്ഞും പ്രവർത്തിച്ചും കവിതകളെഴുതിയും നമ്മെ ചേർത്തു പിടിച്ചും ജീവിച്ച പ്രിയ കവയത്രിയില്ലാത്ത ഒരാണ്ടാണ് നമ്മെ കടന്നുപോയത്.


കോവിഡ് കേരളത്തിനേൽപ്പിച്ച കനത്ത ആഘാതങ്ങളിലൊന്നായിരുന്നു സുഗതകുമാരിയുടെ മരണം. ആൾക്കൂട്ടമില്ലാതെ തീർത്തും ഒറ്റപ്പെട്ടൊരു മടക്കം. 'ശവപുഷ്പങ്ങൾ... എനിക്കവ വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി...' എന്നെഴുതിയ അമ്മയുടെ ആഗ്രഹ്രപ്രകാരം, മൃതശരീരത്തിൽ ിപൂക്കൾ അർപ്പിക്കാൻ കേരളീയർക്കായില്ല.

വിഫലമോഹങ്ങളും കാൽപനിക വിഷാദങ്ങളും മാത്രമായിരുന്നില്ല ആ തൂലികയുടെ കരുത്ത്. പ്രണയവും ഭക്തിയും നിറച്ച് നീണ്ട മുപ്പതാണ്ട് കൃഷ്ണപക്ഷ കവിതകളെഴുതിയ അതേ തൂലികയിൽ നിന്നാണ് നീതിരാഹിത്യത്തിനെതിരെയും പ്രകൃതിസംഹാരത്തിനെതിരെയും ചാട്ടുളിയായി പതിച്ച അനേകം കവിതകൾ പിറന്നത്.


അനേകർക്ക് അഭയമായിരുന്നു സുഗതകുമാരി. കവിതകളിലെ അസാധ്യമായ വൈവിധ്യം കൊണ്ട് അമ്പരപ്പിച്ച പോലെ, സ്വജീവീതത്തിലെ പോരാട്ടങ്ങൾ കൊണ്ടും അവര്‍ ഊർജം പകർന്നു. കേരളത്തിൻറെ മലയോരങ്ങളിൽ ഇപ്പോഴും പച്ചപ്പ് പടരുന്നതിന് അവര്‍ ദീർഘമായി അധ്വാനിച്ചു. സൈലന്‍റ് വാലി ഇന്നും സൈലന്‍റ് വാലിയായി നിലനിൽക്കുന്നതിന്‍റെ മുഖ്യകാരണങ്ങളിലൊന്നാണ് സുഗതകുമാരി. മക്കളെപ്പോലെ അവര്‍ മണ്ണിനെ കാത്തു. അട്ടപ്പാടി ബൊമ്മിയാംപടിയിലെ മനുഷ്യനിർമിത വനത്തിലെ നൂറുകണക്കിന് മരങ്ങൾ കാലങ്ങളോളം വാഴ്ത്തിപ്പാടും സുഗതകുമാരിയെന്ന പോരാളിയെ.

ടീച്ചർ പകർന്നുതന്ന കാവ്യസുഗന്ധം കാലാതീതമാണ്. അടുത്ത ജനുവരി ഇരുപത്തിമൂന്നിന് നമ്മൾ മഹാകവയത്രിയുടെ എൺപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കേണ്ടതായിരുന്നു. എന്നാലിന്ന് നിശബ്ദമാണ് കാവ്യലോകം. പക്ഷെ അമ്പമണികൾ വീണ്ടും മുഴങ്ങും. രാത്രിമഴകൾ പെയ്തുകൊണ്ടേയിരിക്കും.

TAGS :

Next Story