Quantcast

അനന്യയുടെയും പങ്കാളിയുടെയും മരണം; സമഗ്ര അന്വേഷണം വേണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം

അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പാകപ്പിഴകള്‍ പരിശോധിക്കുന്നതോടൊപ്പം ഇതുവരെ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയകളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്

MediaOne Logo

Web Desk

  • Published:

    25 July 2021 1:20 AM GMT

അനന്യയുടെയും പങ്കാളിയുടെയും മരണം; സമഗ്ര അന്വേഷണം വേണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം
X

അനന്യയുടെയും പങ്കാളി ജിജു ഗിരിജാ രാജിന്റെയും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പാകപ്പിഴകള്‍ പരിശോധിക്കുന്നതിനൊപ്പം ഇതുവരെ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയകളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശീതള്‍ ശ്യാം ആവശ്യപ്പെട്ടു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം മാനസികമായും ശാരീരികമായും അനുഭവിച്ച പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണയാണ് അനന്യ ആശുപത്രിയെ സമീപിച്ചത്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോഴും അനന്യക്ക് നീതി കിട്ടിയില്ല. ആശുപത്രിയുടെ ഗുരുതര ചികിത്സാപിഴവ് അന്വേഷിക്കുന്നതിനൊപ്പം ഇതുവരെ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയകളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് അനന്യയുടെയും പങ്കാളിയുടെയും മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ആവശ്യപ്പെട്ടത്.

അനന്യയുടെ കഴുത്തിൽ കയർ മുറുകിയ പാടുകൾക്ക് പുറമെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഉണങ്ങാത്ത മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ചികിത്സാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

TAGS :

Next Story