Quantcast

കർഷകൻ പ്രസാദിന്റെ മരണം; പി.ആർ.എസ് വായ്പയുടെ ബാധ്യതകൾ സർക്കാർ തീർത്തിരുന്നെന്ന് കൃഷിമന്ത്രി

മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത തരത്തിലാണ് നെൽ കർഷകർക്കുള്ള സഹായങ്ങൾ ഈ സർക്കാർ ലഭ്യമാക്കുന്നതെന്നും രാജ്യത്ത് നെല്ലിന് ഏറ്റവും ഉയർന്ന സംഭരണവില നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-11 16:21:18.0

Published:

11 Nov 2023 4:19 PM GMT

കർഷകൻ പ്രസാദിന്റെ മരണം; പി.ആർ.എസ് വായ്പയുടെ ബാധ്യതകൾ സർക്കാർ തീർത്തിരുന്നെന്ന് കൃഷിമന്ത്രി
X

തിരുവനന്തപുരം: ആലപ്പുഴ തകഴിയിൽ മരിച്ച കർഷകൻ പ്രസാദിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. വ്യക്തിഗത വായ്പ ലഭിക്കാത്തതിന്റെ സാഹചര്യങ്ങൾ പരിശോധിക്കുകയാണ്. പി.ആർ.എസ് വായ്പയുടെ എല്ലാ ബാധ്യതയും സർക്കാർ തീർത്തിരുന്നെന്നും. ജീവനൊടുക്കേണ്ട ഒരു സാഹചര്യവും കർഷകർക്ക് ഇല്ലെന്നും മന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.

കർഷകനെ ചേർത്തുപിടിക്കുന്ന സർക്കാറാണ് നിലവിലുള്ളത്. നെൽകൃഷിക്ക് വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങളിൽ സർക്കാർ ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത തരത്തിലാണ് നെൽ കർഷകർക്കുള്ള സഹായങ്ങൾ ഈ സർക്കാർ ലഭ്യമാക്കുന്നതെന്നും രാജ്യത്ത് നെല്ലിന് ഏറ്റവും ഉയർന്ന സംഭരണവില നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

"പ്രസാദിന് സർക്കാർ ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ എല്ലാം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കുന്നത്. നെൽകൃഷിക്ക് ആവശ്യമായ വിത്തും, നീറ്റുകക്കയും കൃഷിഭവൻ മുഖാന്തിരം വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില മുഴുവൻ നൽകിയിട്ടുണ്ടെന്നും 2021-22 വർഷം ഉണ്ടായിരുന്ന പി.ആർ.എസ് വായ്പ യുടെ ബാധ്യത സർക്കാർ തീർത്തിട്ടുള്ളതാണെന്നും 2022-23ലെ പി.ആർ.എസ് വായ്പയുടെ തിരിച്ചടവിന് സമയമായിട്ടില്ലെന്നുമാണ് ഭക്ഷ്യ വകുപ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്. കർഷകന് വ്യക്തിഗത വായ്പ ലഭിക്കാതെ പോയതിന്റെ യഥാർത്ഥ സാഹചര്യം എന്തായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്" മന്ത്രി പറയുന്നു.

ബാങ്ക് വായ്പ കുടിശ്ശിക ഒറ്റത്തവണയിലൂടെ തീർക്കുന്നവരുടെ സിബിൽ സ്കോറിൽ കുറവ് വരുന്നതും ആ കാരണത്താൽ കർഷകർക്ക് ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നതും പരിശോധിക്കപ്പെടണം. കർഷകർക്ക് കൃഷി ചെയ്യുന്നതിന് അനുവദിക്കുന്ന വായ്പകളിൽ ബാങ്കുകൾക്ക് ഉദാരസമീപനം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കർഷകന് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഈ സർക്കാർ അടുത്തുകൊണ്ടിരിക്കുന്നത്. സമചിത്തതയോടെയുള്ള സാമ്പത്തിക കൈകാര്യ ശേഷിയിലേക്ക് കർഷകരെ പ്രാപ്തരാക്കുവാൻ നിലവിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story