ഗർഭിണിയുടെ ദുരൂഹ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം
പത്തനംതിട്ട: കുഴിക്കാലയില്‍ ദുരൂഹ സാഹചര്യത്തില് ഗർഭിണിയായ യുവതി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന് നിർദേശം നൽകി. അതേസമയം കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിൽ വാങ്ങി ഇന്ന് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
മീഡിയവൺ പുറത്തുകൊണ്ട് വന്ന അനിതയുടെ ദൂരഹ മരണ കേസിൽ വനിതാ കമ്മീഷൻ ടപെട്ടതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുത്തത്. ചികിത്സയും പരിചരണവും ലഭിക്കാതെ യുവതി മരിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്മീഷനംഗം വി.കെ.ബീനാകുമാരി പറഞ്ഞു. പതിനഞ്ച് ദിവസത്തിനുള്ളിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട കുഴിക്കാല സ്വദേശിയായ അനിത വയറ്റിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ജൂൺ 28 നാണ് മരിച്ചത്. ഒമ്പതുമാസം ഗർഭിണിയായ യുവതിക്ക് ചില ദ്രാവകങ്ങൾ നൽകി ഭർത്താവ് ജ്യോതിഷ് ഭ്രൂണഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണന്ന് കണ്ടെത്തി. സ്ത്രീധന പീഡന നിരോധന നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ടുകൾ പ്രകാരം പിന്നീട് കേസ് എടുത്ത പൊലീസ് ഞായറാഴ്ചയാണ് ജ്യോതിഷിനെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിൽ റിമാന്ഡിൽ കഴിയുന്ന ഇയാളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി കുഴിക്കാലയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16