വാളയാർ പെൺകുട്ടികളുടെ മരണം: അന്വേഷണം ശരിയായ രീതിയിലെന്ന് കോടതി
സിബിഐ അന്വേഷണം കാര്യക്ഷമല്ലെന്ന അമ്മയുടെ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം
ഹൈക്കോടതി
കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ശരിവച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സിബിഐ കോടതിക്ക് കൈമാറി. മരണത്തിൽ സിബിഐ അന്വേഷണം കാര്യക്ഷമല്ലെന്ന അമ്മയുടെ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
സിബിഐ അന്വേഷണത്തിൽ ഗുരുതരമായ ആരോപണമാണ് പെൺകുട്ടികളുടെ 'അമ്മ ഉന്നയിച്ചിരുന്നത്. തെളിവുകളും ഫോറൻസിക് രേഖകളും സിബിഐ പരിശോധിക്കുന്നില്ല, തെളിവുകളെല്ലാം തള്ളുകയാണ് സിബിഐ ചെയ്യുന്നതെന്നതടക്കമുള്ള ആരോപണങ്ങളാണ് 'അമ്മ ഹരജിയിൽ ആരോപിച്ചത്. ഇതിന് പിന്നാലെ അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, സാവകാശം വേണമെന്നാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്നാണ് കോടതി ഇന്ന് വരെ സമയം നീട്ടി നൽകിയത്. സീലുവെച്ച കവറിലാണ് സിബിഐ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.
Adjust Story Font
16