Quantcast

ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം

ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് നൽകുന്നത്

MediaOne Logo

Web Desk

  • Updated:

    9 Feb 2024 6:59 AM

Published:

9 Feb 2024 5:11 AM

HPV vaccine
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം . ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് നൽകുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിന്‍റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. അടുത്ത ഘട്ടത്തിൽ എല്ലാ സ്തീകൾക്കും വാക്സിൻ നൽകാനാണ് പദ്ധതി.

സ്തനാര്‍ബുദം പോലെ സ്ത്രീകളിലും പെണ്‍കുട്ടികളിലും കൂടുതലായി കാണപ്പെടുന്നതാണ് ഗര്‍ഭാശയമുഖ ക്യാന്‍സര്‍. ഇത് പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ആരോഗ്യവകുപ്പ് കര്‍മപദ്ധതി രൂപീകരിച്ചത്. വാക്സിനേഷനിലൂടെ സെര്‍വിക്കല്‍ ക്യാന്‍സറിനെ തടയുകാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍ ഒമ്പത് വയസ് മുതല്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്സിനാണ് നല്‍കുന്നത്. വാക്സിനേഷന്‍റെ പൈലറ്റ് ഘട്ടം ആലപ്പുഴ, വയനാട് ജില്ലകളിലായിരിക്കും.

അതിന് ശേഷം മറ്റു ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് നല്‍കും. ആരോഗ്യ വകുപ്പിനൊപ്പം വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായിട്ടായിരിക്കും വാക്സിനേഷന്‍. ഒരാള്‍ക്ക് മൂന്ന് ഡോസ് വാക്സിനാണ് നല്‍കുക. വാക്സിനേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇതിനായി തുക വകയിരുത്തും. സംസ്ഥാന ക്യാന്‍സര്‍ കെയര്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ സംസ്ഥാനത്ത് എത്തിക്കും.

ഏതാണ് സെർവിക്കൽ കാൻസറിനു കാരണമാകുന്ന വൈറസ്?

ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി) എന്ന വൈറസിന്റെ വകഭേദങ്ങളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലുമൊക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട്. അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. വളരെ വേഗത്തിൽ വ്യാപിക്കുന്ന വൈറസ് ശാരീരിക ബന്ധത്തിലൂടെയും മറ്റ് ചർമ സമ്പർക്കത്തിലൂടെയുമാണ് ബാധിക്കുന്നത്.

ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസാകുമ്പോഴേക്കും 80 ശതമാനം പേരിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല. 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായാണ് കണ്ടുവരുന്നത്.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?

ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനിൽക്കും. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറുകയാണ് ചെയ്യുന്നത്.

18 വയസ്സിനു മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികളിൽ സെർവിക്കൽ കാൻസറിനുള്ള സാധ്യത കൂടുതലാണ്. ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും. ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍. പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍ തുടങ്ങിയവരിലും രോഗബാധ ഉണ്ടാകാം.



TAGS :

Next Story