Quantcast

സർവകലാശാല നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാൻ തീരുമാനം; സര്‍ക്കാര്‍ നീക്കം ഗവർണറുടെ ഇടപെടല്‍ ദുര്‍ബലപ്പെടുത്താന്‍

കേരള സർവകലാശാല വി.സി നിയമന നീക്കത്തിലെ ഗവർണറുടെ ഇടപെടലുകളെ ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് സർവകലാശാല നിയമ ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം നൽകാനുള്ള തീരുമാനം.

MediaOne Logo

Web Desk

  • Published:

    25 Aug 2022 1:23 AM

സർവകലാശാല നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാൻ തീരുമാനം; സര്‍ക്കാര്‍ നീക്കം ഗവർണറുടെ ഇടപെടല്‍ ദുര്‍ബലപ്പെടുത്താന്‍
X

സർവകലാശാല നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാൻ തീരുമാനം. കേരള സർവകലാശാല വി.സി നിയമന നീക്കത്തിലെ ഗവർണറുടെ ഇടപെടലുകളെ ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് സർവകലാശാല നിയമ ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം നൽകാനുള്ള തീരുമാനം. ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകുമ്പോൾ സേർച്ച് കമ്മിറ്റി രൂപീകരിച്ച ഓഗസ്റ്റ് അഞ്ചിലെ ഉത്തരവ് ദുർബലമാക്കാമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. പക്ഷേ നിയമസഭ അംഗീകാരം നൽകിയാലും ഗവർണർ ഒപ്പ് വെച്ചാലേ നിയമമാകൂ എന്നതിനാൽ സർക്കാർ നീക്കത്തെ മറികടക്കാൻ ഗവർണർക്ക് മുന്നിലും വഴികളുണ്ട്.

സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് സർവകലാശാല നിയമ ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം നൽകാനുള്ള സർക്കാർ തീരുമാനം. നിയമസഭ ബിൽ പാസാക്കുമ്പോൾ ഓഗസ്റ്റ് ഒന്ന് മുതൽ നിയമത്തിന് പ്രാബല്യം നൽകും. പ്രതിപക്ഷ വിയോജിപ്പിനിടെയാണ് തീരുമാനം. സർവകലാശാല പ്രതിനിധിയെ നൽകാതിരുന്നിട്ടും കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സേർച്ച് കമ്മറ്റിക്ക് ഗവർണർ ഈ മാസം അഞ്ചിനാണ് രൂപം നൽകിയത്. യു.ജി.സി പ്രതിനിധിയേയും ഗവർണറുടെ പ്രതിനിധിയേയും മാത്രം ഉൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകിയ ഗവർണർ സർവകലാശാല പ്രതിനിധിയെ ഒഴിച്ചിടുകയും ചെയ്തു.

ഒക്ടോബർ 24 നാണ് കേരള വി.സിയുടെ കാലാവധി കഴിയുന്നത്. ഇതിന് മുമ്പ് നിയമന നടപടികൾ പൂർത്തിയാക്കുമെന്ന് ഗവർണർ ആവർത്തിക്കുമ്പോൾ അതിന് തടയിടുക കൂടിയാണ് ബില്ലിന് മുൻകാല പ്രാബല്യം നൽകിയതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബില്ലിന് ഗവർണർ അംഗീകാരം നൽകുന്നതോടെ ആഗസ്റ്റ് അഞ്ചിലെ ഉത്തരവിന് നിലനിൽപ്പില്ലാതാവും. എന്നാൽ സ്വന്തക്കാരെ നിയമിക്കാനാണ് സർക്കാരിൻ്റെ നിയമഭേദഗതിയെന്ന നിലപാട് ആവർത്തിക്കുന്ന ഗവർണർ നിയമസഭ പാസാക്കിയാലുടൻ അംഗീകാരം നൽകാൻ തയ്യാറാവില്ല. പരമാവധി വൈകിപ്പിക്കാൻ ഗവർണർക്ക് കഴിയും. നിയമസഭ പാസാക്കിയാലും ഇത്ര ദിവസത്തിനകം ഗവർണർ അംഗീകാരം നൽകണമെന്ന് വ്യവസ്ഥയില്ല . അതിനാൽ ഒപ്പിടുന്നത് അനിശ്ചിതമായി വൈകിപ്പിക്കുകയോ ബിൽ രാഷ്ട്രപതിക്ക് അയക്കാനോ ഗവർണർ തീരുമാനിച്ചാൽ സർക്കാരിൻ്റെ നീക്കങ്ങൾക്കും തിരിച്ചടിയാവും.



TAGS :

Next Story