നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള തീരുമാനം; ആശങ്കയിൽ കർഷകർ
സമാന തീരുമാനം നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് കർഷകർ ചൂണ്ടികാട്ടുന്നു.
പാലക്കാട്: നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ കർഷകർ ആശങ്കയിൽ. സംഭരണം സംബന്ധിച്ച് സഹകരണ സംഘങ്ങൾക്ക് ഇനിയും കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. നേരത്തേ നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിച്ച് പരാജയപ്പെട്ടതാണെന്നും കർഷകർ ചൂണ്ടികാട്ടുന്നു.
ഒന്നാം വിള നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക് ഇനിയും കൃത്യമായ നിർദേശങ്ങൾ ലഭിക്കാത്തതാണ് കർഷകർക്ക് ആശങ്കയാവുന്നത്. നെല്ല് സംഭരിച്ചശേഷം കർഷകർക്ക് നൽകുന്ന പണം എങ്ങനെ തിരികെ ലഭിക്കുമെന്ന് സഹകരണ സംഘങ്ങൾക്ക് ഇപ്പോഴും വ്യക്തതയില്ല. ഇവർക്ക് നെല്ല് സംഭരിക്കാനുള്ള സംവിധാനങ്ങളും കുറവാണ്. വർഷങ്ങൾക്ക് മുൻപ് നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ പരീക്ഷിച്ചപ്പോൾ ഗോഡൗണുകളിലെ അസൗകര്യങ്ങളാണ് തിരിച്ചടിയായത്.
രണ്ടാം വിള നെല്ല് സംഭരിച്ചതിന്റെ തുക പൂർണമായും കൊടുത്തുതീർത്തിട്ടില്ല . ഇതിനിടെയാണ് ഒന്നാം വിള നെല്ല് കൊയ്ത കർഷകർ ഇത് ആര് സംഭരിക്കും എന്ന് അറിയാതെ ആശങ്കയിൽ തുടരുന്നത്. സപ്ലൈക്കോയ്ക്ക് നൽകിയാൽ 28.20 രൂപ ലഭിക്കും. എന്നാൽ ഇത് വൈകും തോറും പുറത്ത് മില്ലുകൾക്ക് നൽകാൻ കർഷകർ നിർബന്ധിതരാവുകയാണ്. 20 രൂപയിൽ താഴെയാണ് ഇവരിൽ നിന്നും ലഭിക്കുക. വിഷയത്തിൽ സർക്കാർ ഉടനെ അന്തിമ തീരുമാനം സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കാണ് നെൽ കർഷകർ നീങ്ങുക.
Adjust Story Font
16