Quantcast

ഗവർണറെ നേരിടാൻ എസ്.എഫ്.ഐയെ രംഗത്തിറക്കി ഇടതുമുന്നണിയുടെ നിർണായക നീക്കം; കേരള സർവകലാശാലയ്ക്ക് മുമ്പിൽ ഇന്ന് രാപ്പകൽ സമരം

ഗവർണറെ തടയുന്നത് അടക്കമുള്ള പ്രതിഷേധങ്ങളും സംഘടനയുടെ ആലോചനയിലുണ്ട്

MediaOne Logo

Web Desk

  • Published:

    7 Dec 2023 1:19 AM GMT

SFI to face the governor,LDF,latest malayalam news,ഗവർണറെ നേരിടാൻ എസ്.എഫ്.ഐ,കേരള സര്‍ക്കാര്‍
X

തിരുവനന്തപുരം: സർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറെ നേരിടാൻ എസ് എഫ് ഐ യെ രംഗത്തിറക്കി ഇടതുമുന്നണിയുടെ നിർണായക നീക്കം.സർവകലാശാലയെ കാവിവത്കരിക്കാൻ ചാൻസലർ ശ്രമിക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ ഇന്ന് കേരള സർവകലാശാലയ്ക്ക് മുമ്പിൽ രാപ്പകൽ സമരം നടത്തുന്നുണ്ട്. മറ്റു സർവകലാശാലകൾക്കു മുന്നിലും സമാനമായ സമരപരമ്പരയാണ് എസ്എഫ്ഐ ആലോചിക്കുന്നത്. ഗവർണറെ തടയുന്നത് അടക്കമുള്ള പ്രതിഷേധങ്ങളും സംഘടനയുടെ ആലോചനയിലുണ്ട്.

ബില്ലുകളിൽ ഉൾപ്പെടാതെ സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കാൻ വേണ്ടി ഗവർണർ ശ്രമിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ അടക്കം സർക്കാർ സ്വീകരിച്ചത്. ചാൻസിലർ സ്ഥാനത്തുള്ള തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് സർവകലാശാലകളിലെ ഭരണവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉയർത്തിയാണ് ഗവർണർ സർക്കാരിനെ നേരിടുന്നത് . സുപ്രീംകോടതി പരാമർശങ്ങൾ പോലും അംഗീകരിക്കാതിരിക്കുന്ന ഗവർണറിൽ നിന്ന് സർക്കാർ അനുകൂല നിലപാടുകൾ പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സർവകലാശാലകളുടെ ചാൻസലറായ ഗവർണർക്കെതിരെ വിദ്യാർത്ഥികളെ തന്നെ രംഗത്തിറക്കിക്കൊണ്ടുള്ള പ്രതിഷേധങ്ങൾ ഇടതുമുന്നണി ആലോചിച്ചത്.

ഇതിന്‍റെ തുടക്കമായിരുന്നു ഇന്നലെ രാജ്ഭവന് മുന്നിലെ എസ്എഫ്ഐയുടെ വലിയ പ്രതിഷേധം.ഇതുകൊണ്ട് എസ്എഫ്ഐയുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ഇന്ന് കേരള സർവകലാശാലയ്ക്ക് മുന്നിൽ രാപ്പകൽ സമരം നടത്താനാണ് സംഘടനയുടെ തീരുമാനം. വരും ദിവസങ്ങളിൽ മറ്റു സർവകലാശാലകളിലേക്കും ചാൻസലർ ആയ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ സമരം വ്യാപിപിക്കും. സർവകലാശാലകളുടെ പരിപാടികളിൽ ഗവർണറെ തടയാനുള്ള നീക്കവും എസ്എഫ്ഐ നടത്തുന്നുണ്ട്. സർവകലാശാലകളിലെ സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവർണറെ പ്രതിക്കൂട്ടിൽ നിർത്തി കൊണ്ടുള്ള നിയമ നടപടികളും ഇടതുമുന്നണിയുടെ ആലോചനയിലുണ്ട്.

TAGS :

Next Story