വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം പൊളിച്ചെഴുതുന്നു; അധ്യാപക തസ്തികകളുടെ പേര് അടക്കം പരിഷ്കരിക്കും
തൊഴിൽ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിനായി സംസ്ഥാനത്ത് ഉടനീളം സ്കിൽ സെന്‍ററുകൾ തുടങ്ങും
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ വിദ്യാഭ്യാസം മൊത്തത്തിൽ പൊളിച്ചെഴുതുന്നു. അധ്യാപകരുടെ തസ്തികയിലും ചുമതലകളിലും വലിയ മാറ്റം വരുത്തും.തൊഴിൽ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിനായി സംസ്ഥാനത്ത് ഉടനീളം സ്കിൽ സെന്‍ററുകൾ തുടങ്ങും.പ്രത്യേക സമിതി വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ച സ്പെഷ്യൽ റൂൾസിലാണ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.
തൊഴിൽ- സാങ്കേതികവിദ്യാരംഗങ്ങളിൽ വന്ന വളർച്ചയ്ക്ക് അനുസരിച്ച് പഠനത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും അധ്യാപകരുടെ ഇടപെടലുകളിലും മാറ്റം വേണമെന്ന് സ്പെഷ്യൽ റൂൾസിൽ പറയുന്നു. വെക്കേഷണൽ എഡ്യൂക്കേഷൻ എന്നതിന് പകരം വർക്ക് എഡ്യൂക്കേഷൻ എന്ന രീതിയിലേക്ക് കാഴ്ചപ്പാടിനെ വിശാലമാക്കും. നിലവിൽ ഉള്ള അധ്യാപക തസ്തികകൾ അടക്കം മാറ്റിയാണ് മുന്നോട്ടുപോകുന്നത്. വൊക്കേഷണൽ ടീച്ചർ തസ്തിക വർക്ക് എഡ്യൂക്കേഷൻ ടീച്ചർ എന്നും വൊക്കേഷണൽ ഇൻസ്ട്രക്ടർ തസ്തിക വർക്ക് എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എന്നും പുനക്രമീകരിക്കും. നിലവിലുള്ള എല്ലാ അധ്യാപകരും വിരമിച്ചതിനു ശേഷം മാത്രമേ ഇനി സ്ഥിര നിയമനം പാടുള്ളൂ. നിയമന രീതികളും യോഗ്യതയും മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് സർക്കാർ ഉത്തരവിലൂടെ തീരുമാനിക്കാം.
ഇപ്പോഴുള്ള എല്ലാ അധ്യാപകർക്കും തൊഴിൽ വിദ്യാഭ്യാസം മുൻനിർത്തി ഉള്ള പ്രത്യേക പരിശീലനം നൽകും. തൊഴിൽ വിദ്യാഭ്യാസം പ്രായോഗികമായി ലഭ്യമാക്കേണ്ടതിനാലാണ് സംസ്ഥാനത്തുടനീളം സ്‌കിൽ സെൻ്ററുകൾ വ്യാപിപ്പിക്കുന്നത്.
ഒരു പഞ്ചായത്തിൽ ഒരു സെന്‍റർ എന്ന നിലയ്ക്ക് ആകും ക്രമീകരിക്കുക. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് സെന്ററുകൾ നിശ്ചയിക്കാം. സെൻ്ററുകളുടെ പ്രവർത്തനം വർക്ക് എഡ്യൂക്കേഷൻ ടീച്ചർമാരെയും ഇൻസ്ട്രക്ടർമാരെയും വിന്യസിച്ചാകും മുന്നോട്ടുകൊണ്ടുപോവുക. പുതിയ വിദ്യാഭ്യാസ രീതി ഏകോപിപ്പിക്കുന്നതിന് വേണ്ടി ഡി.ജി.ഇ ഓഫീസിലെ എട്ട് ജോയിൻ ഡയറക്ടർമാരിൽ ഒരാളെ പ്രത്യേകമായി വർക്ക് എഡ്യൂക്കേഷൻ തസ്തിക ഉണ്ടാക്കി നിയമിക്കും.
Adjust Story Font
16