ഗവേഷകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു; എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായി ദീപ
അന്ന് വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നു
എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായി ഗവേഷക ദീപ പി.മോഹനന്‍. സെന്‍ററിലെ ഒരു ഗവേഷകൻ കടന്നുപിടിക്കാൻ ശ്രമിച്ചു. അന്ന് വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചത്. മറ്റൊരു ജീവനക്കാരന്‍റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും ഭയന്നത് കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ദീപ മീഡിയവണിനോട് പറഞ്ഞു. നാനോ സെന്‍റര്‍ വിഭാഗം മേധാവിയെ പുറത്താക്കുവരെ സമരം തുടരും. ഡോ. നന്ദകുമാർ കളരിക്കലിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവുള്ളതായി അറിയില്ല . സസ്പെൻഡ് ചെയ്ത നന്ദകുമാറിനെ തിരിച്ചെടുത്ത സർവകലാശാല നടപടി ശരിയല്ലെന്നും ദീപ പറഞ്ഞു.
അതേസമയം നന്ദകുമാറിനെ പുറത്താക്കില്ലെന്ന് വി.സി സാബു തോമസ് പറഞ്ഞു. നന്ദകുമാറിന് എതിരായ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞതാണ്. ദീപയുടെ ഗവേഷണത്തിൽ ഒരു തരത്തിലും നന്ദകുമാർ ഇടപെടില്ല. ഗവേഷണം പൂർത്തിയാക്കാൻ ദീപക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു. ഡോ. നന്ദകുമാർ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ദീപയുടെ പരാതി.
Adjust Story Font
16