രാമക്ഷേത്ര ചടങ്ങ്: അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കെ.പി.സി.സിയോട് ദീപാ ദാസ് മുൻഷി; പരസ്യ പ്രതികരണം പാടില്ല
ഇന്ന് നടന്ന കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തിൽ ചില നേതാക്കൾ രാമക്ഷേത്ര വിഷയം ഉയർത്തിക്കാട്ടിയതോടെയാണ് മുന്നറിയിപ്പുമായി ദീപാ ദാസ് രംഗത്തെത്തിയത്.
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നിർദേശം. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ദീപാ ദാസ് മുൻഷി യോഗത്തിൽ നിർദേശം നൽകി.
രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നേതാക്കൾ പരസ്യ പ്രതികരണത്തിന് മുതിരരുതെന്ന് എഐസിസി നിർദേശിച്ചിരുന്നു. ആവശ്യമായ സന്ദർഭത്തിൽ എഐസിസി നേതൃത്വം ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാടെടുക്കുമെന്നും അറിയിച്ചിരുന്നു.
എന്നാൽ ഇന്ന് നടന്ന കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തിൽ ചില നേതാക്കൾ രാമക്ഷേത്ര വിഷയം ഉയർത്തിക്കാട്ടി. ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ വൈകുന്ന ഓരോ നിമിഷവും കേരളത്തിലെ കോൺഗ്രസിന് പ്രതിസന്ധിയുണ്ടാകും, സിപിഎം ഇത് രാഷ്ട്രീയമായി മുതലെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. അപ്പോഴാണ് ദീപാ ദാസ് മുൻഷി ഇവർക്ക് മുന്നറിയിപ്പ് നൽകിയത്.
രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് ഇവിടെ സംസാരിക്കേണ്ടതില്ലെന്നും അതിൽ ഉചിതമായ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും അതുവരെ പരസ്യമായ പ്രതികരണം ഒന്നും നടത്തരുതെന്നും അവർ നിർദേശിച്ചു. ഇതേ തുടർന്ന് രാവിലെ പത്ത് മുതൽ നടക്കുന്ന എക്‌സിക്യുട്ടീവ് യോഗത്തിൽ നേതാക്കൾ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചർച്ച ഒഴിവാക്കി.
അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നത്. പ്രതിഷ്ഠാച ചടങ്ങിൽ പങ്കെടുക്കരുതെന്ന് കെ. മുരളീധരൻ എം.പി തറപ്പിച്ചുപറഞ്ഞപ്പോൾ അക്കാര്യം തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ചെയ്തത്.
ക്ഷണം വ്യക്തിപരമാണെന്നും വ്യക്തികളാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു ശശി തരൂർ എം.പിയുടെ അഭിപ്രായം. ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. ഗാന്ധിജി രാമനെ തേടിയത് ക്ഷേത്രം മതിലുകൾക്കുള്ളിൽ അല്ലെന്നും ദരിദ്ര നാരായണന്മാർക്കിടയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഭിന്നത വിവാദമായ സാഹചര്യത്തിലാണ് എഐസിസിയും ഇപ്പോൾ ദീപാ ദാസും ഇടപെട്ടിരിക്കുന്നത്.
Adjust Story Font
16