Quantcast

എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തി; നടപടി ആവശ്യത്തിലുറച്ച് എൽഡിഎഫ് ഘടകകക്ഷികൾ

ഡിജിപിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രി ഇന്നലെ മുന്നണി യോഗത്തിൽ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-09-12 00:54:24.0

Published:

12 Sep 2024 12:53 AM GMT

adgp-pinarayi
X

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകാത്തതിൽ എൽഡിഎഫ് ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി . ഡിജിപിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രി ഇന്നലെ മുന്നണി യോഗത്തിൽ പറഞ്ഞത് . വരും ദിവസങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കാനുള്ള ആലോചനകൾ മുന്നണിയിലെ ചില പാർട്ടികൾ നടത്തുന്നുണ്ട്.

ഇന്നലെ നടന്ന മുന്നണി യോഗത്തിൽ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ,വിമർശനങ്ങൾ പരസ്യമായി പുറത്ത് പറയാമെന്ന ആലോചനയിലാണ് ഘടക കക്ഷികൾ. ക്രമസമാധാന ചുമതലമുള്ള എഡിജിപി എംആർ അജിത് കുമാർ, ആർഎസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതിന് പിന്നാലെ സിപിഐ ആണ് ആദ്യം നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇന്നലെ ചേർന്ന മുന്നണി യോഗത്തിന് മുന്നോടിയായി നടപടി ആവശ്യം സിപിഐ, ആർ ജെ ഡി അടക്കമുള്ള ഘടകകക്ഷികൾ സിപിഎമ്മിന് മുന്നിൽ വച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെ എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. മുന്നണിക്കുള്ളിൽ നിലവിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കേണ്ടതില്ല എന്ന് വിചാരിക്കുന്ന ഘടകകക്ഷികൾ സർക്കാരിന്‍റെ വരും ദിവസങ്ങളിലെ നിലപാടിന് കാത്തിരിക്കുകയാണ്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ കാലങ്ങളോളം നീണ്ടുനിൽക്കുന്ന അന്വേഷണം വേണ്ടതില്ലെന്ന അഭിപ്രായവും മുന്നണിക്കുള്ളിൽ ഉണ്ട്. അതുകൊണ്ട് രണ്ടോ,മൂന്നോ ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനം ഉണ്ടായില്ലെങ്കിൽ പരസ്യമായി നിലപാട് വ്യക്തമാക്കാനാണ് മുന്നണിക്കുള്ളിലെ ചില ഘടകകക്ഷികൾ ആലോചിക്കുന്നത്. മുന്നണിക്കുള്ളിൽ ചില ചട്ടക്കൂടുകൾ ഉള്ളതുകൊണ്ട് വിവിധ പാർട്ടികൾക്കുള്ള പ്രശ്നങ്ങള്‍ അതേപടി ഉന്നയിക്കേണ്ടതില്ലെന്നാണ് നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

വരുംദിവസങ്ങളിൽ മുഖ്യമന്ത്രിയിൽ നിന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ എതിർപ്പുകൾ പരസ്യമായി എൽഡിഎഫിലെ ഘടകകക്ഷികൾ പുറത്ത് ഉയർത്തിയേക്കും . ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വിവാദ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ സർക്കാരുമായി ബന്ധപ്പെട്ട് വിഷയമായതുകൊണ്ട് അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന മുഖ്യമന്ത്രി പറഞ്ഞതോടെ നിലപാട് പറയാൻ തീരുമാനിച്ചവരും പ്രതിസന്ധിയിലായി. എന്നാൽ അധികം വൈകാതെ മുഖ്യമന്ത്രി തീരുമാനം എടുത്തില്ലെങ്കിൽ പരസ്യമായി ചില കാര്യങ്ങൾ പറയാനുള്ള നീക്കത്തിലാണ് ഘടകകക്ഷികളിൽ പലരും.



TAGS :

Next Story