കാസര്‍കോട് എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി മരിച്ചു; ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍
ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് റിമാന്‍റിലായിരുന്ന കരുണാകരനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
കാസർകോട് ബദിയടുക്കയില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരനാണ് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റാണ് മരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കർണാടകയിൽ നിന്ന് മദ്യം കടത്തിയെന്ന കേസില്‍ ജൂലൈ 19 നായിരുന്നു കരുണാകരനെ എക്സൈസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍റിലായിരുന്ന പ്രതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ച് ഇന്നലെയാണ് കരുണാകരൻ മരിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇയാളുടെ ദേഹമാസകലം ക്ഷതമേറ്റ പാടുകളുണ്ടായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടുകൂടിയാണ് ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്തിയത്.
അതിനിടെ, പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സംഭവത്തില്‍ സ്വമേധയ കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കരുണാരന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൂർത്തിയാക്കും.
Adjust Story Font
16