വണ്ടിപ്പെരിയാര്‍ പീഡനക്കേസ് പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമില്ല; രാഷ്ട്രീയ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
കേസിലെ പ്രതി അര്‍ജുന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഡി.വൈ.എഫ്.ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമാണ് അര്‍ജുനെന്ന് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ യുവജന സംഘടനകളും ആരോപിച്ചിരുന്നു
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടില്ലെന്ന് മുഖ്യമന്ത്രി. പി.കെ ബഷീര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.
അതെ സമയം കേസിലെ പ്രതി അര്‍ജുന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഡി.വൈ.എഫ്.ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമാണ് അര്‍ജുനെന്ന് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ യുവജന സംഘടനകളും ആരോപിച്ചിരുന്നു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുൻനിരക്കാരൻ ആയി വീടുകളിൽ എത്തി സാധനങ്ങൾ സംഘടിപ്പിച്ചതു അര്‍ജുനാണെന്ന് നാട്ടുകാർ പറയുകയും ചെയ്തിരുന്നു. വണ്ടിപെരിയാര്‍ കേസില്‍ പ്രതിയായ അതെ ദിവസം അര്‍ജുനെ അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നതായി ഡി.വൈ.എഫ്.ഐ അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ഇടുക്കി വണ്ടിപെരിയാറില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന നിലയില്‍ കണ്ടെത്തുന്നത്. ആദ്യം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്ന് കരുതിയ പൊലീസ് പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ക്രൂരമായ പീഡന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയും വണ്ടിപെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വയസു മുതല്‍ കുട്ടിയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് പറയുന്നു. അമിതമായി അശ്ലീല വീഡിയോകള്‍ നിരന്തരമായി കാണുന്ന അര്‍ജുന്‍റെ ഫോണില്‍ നിന്നും വന്‍ അശ്ലീല വീഡിയോ ശേഖരവും പൊലീസ് കണ്ടെത്തിയിരുന്നു. ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
30ന് വീട്ടിലെത്തിയ അര്‍ജുന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു.
Adjust Story Font
16