Quantcast

കോട്ടൺഹിൽ സ്‌കൂളിൽ വിദ്യാർഥിനിക്ക് ചികിത്സ വൈകിപ്പിച്ച സംഭവം; നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

അമ്മയുടെ പരാതിക്ക് പിന്നാലെ മന്ത്രി വി.ശിവൻകുട്ടി വിദ്യാർഥിയുടെ വീട്ടിലെത്തി

MediaOne Logo

Web Desk

  • Published:

    30 Oct 2022 1:25 AM GMT

കോട്ടൺഹിൽ സ്‌കൂളിൽ വിദ്യാർഥിനിക്ക് ചികിത്സ വൈകിപ്പിച്ച സംഭവം; നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി
X

തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷയ്ക്കിടെ രോഗബാധിതയായ വിദ്യാർഥിയ്ക്ക് വൈദ്യസഹായം വൈകിച്ചെന്ന പരാതിയിൽ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അസുഖബാധിതരാകുന്ന കുട്ടികളെ പരിചരിക്കുന്നതിൽ അധ്യാപകർക്ക് മാർഗനിർദേശം പുറത്തിറക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

ദേശീയ ബാഡ്മിന്റൺ താരമായ പ്ലസ് ടു വിദ്യാർഥിനി പരീക്ഷയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുറത്തറിയുന്നത്. അലർജിയുടെ അസ്വസ്ഥതയുണ്ടെന്ന് അറിയിച്ചെങ്കിലും അധ്യാപകർ ഗൗനിച്ചില്ല.

അസുഖത്തിന്റെ ഗൗരവമറിയിച്ച് അമ്മയെ വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂർ വൈകിപ്പിച്ചു.കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോഴും മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും അമ്മ ബിസ്മി കൃഷ്ണ പറഞ്ഞു.

ബിസ്മി കൃഷ്ണ പരാതി നൽകിയതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിദ്യാർഥിയുടെ വീട്ടിലെത്തി. ഇത്തരം കാര്യങ്ങളിൽ അധ്യാപകർക്ക് കൂടുതൽ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം അധ്യാപകർക്ക് മാർഗനിർദേശം പുറത്തിറക്കും. അധ്യാപക സംഘടനകളുമായും രക്ഷിതാക്കളുമായും ചർച്ച ചെയ്ത് പൊതുനിർദേശം നൽകാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.

TAGS :

Next Story