'എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷകളുടെ സിലബസ് പരിഷ്‌കരിക്കണം'; ആവശ്യവുമായി വിദ്യാർത്ഥികളും അധ്യാപകരും
ജനുവരി വരെയോ ഫെബ്രുവരി വരെയോ ഉള്ള പാഠഭാഗങ്ങളാക്കി സിലബസ് പരിഷ്‌കരിക്കണമെന്നാണ് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷകളുടെ സിലബസ് പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും അധ്യാപകരും. ഫെബ്രുവരി വരെയുള്ള പാഠഭാഗങ്ങളായി സിലബസ് ചുരുക്കണമെന്നാണ് ആവശ്യം. നിലവിലെ ക്രമീകരണം വിദ്യാർത്ഥികൾക്ക് അമിതഭാരം ഉണ്ടാക്കുന്നുവെന്നാണ് പ്രധാന പരാതി.
ഈ അധ്യയന വർഷത്തെ എൽ.എസ്.എസ്-യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകൾ നടക്കുന്നത് ഫെബ്രുവരി 28നാണ്. പക്ഷെ സിലബസ് പ്രകാരം മാർച്ച് വരെയുള്ള പാഠഭാഗങ്ങൾ കുട്ടികൾ പഠിക്കണം. ഇതാണ് അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ വെട്ടിലാക്കിയത്. കാരണം ഫെബ്രുവരിയിൽ തന്നെ മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചുതീർക്കാൻ അധ്യാപകരും പഠിച്ചുതീർക്കാൻ കുട്ടികളും നിർബന്ധിതരാകുന്നു. അത് ഇരുകൂട്ടരുടെയും സമ്മർദം ഒരുപോലെ വർധിപ്പിക്കുമെന്നാണ് പ്രധാന പരാതി.
ജനുവരി വരെയോ ഫെബ്രുവരി വരെയോ ഉള്ള പാഠഭാഗങ്ങളാക്കി സിലബസ് പരിഷ്‌കരിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. കോവിഡിനു മുൻപുവരെ ജനുവരിവരെയുള്ള പാഠഭാഗങ്ങളാണ് പരീക്ഷക്ക് ഉണ്ടായിരുന്നത്.
എന്നാല്‍, കോവിഡിനുശേഷം അത് മാർച്ച് വരെയാക്കി പുനഃക്രമീകരിച്ചു. അപ്പോഴും പരീക്ഷാ തീയതി മാർച്ചിൽ ആയിരുന്നതിനാൽ വലിയ പ്രശ്നം ഉണ്ടായില്ല. എന്നാല്‍, ഇക്കുറി പരീക്ഷ നേരത്തെ എത്തിയതാണ് ആശങ്കയ്ക്കു കാരണം.
Summary: Students, teachers demand revision of syllabus for LSS-USS exams in Kerala
Adjust Story Font
16