ആവിക്കൽതോട് സമരത്തിൽ മുസ്‌ലിം തീവ്രവാദികളെന്ന്; ഡെപ്യൂട്ടി മേയറുടെ പരാമർശത്തിൽ പ്രതിഷേധം
കോണ്‍ഗ്രസും മുസ്ലിം ലീഗും സമരം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നും മുസാഫര്‍ അഹമ്മദ് വ്യക്തമാക്കി
കോഴിക്കോട്: ആവിക്കൽതോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തില്‍ മുസ്‍ലിം മത തീവ്രവാദികൾ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫര്‍ അഹമ്മദ്. പ്ലാൻറ് നിർമാണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കോര്‍പറേഷന്‍ കൗണ്‍സിലില്‍ പറഞ്ഞു. കോണ്‍ഗ്രസും മുസ്ലിം ലീഗും സമരം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡെപ്യൂട്ടി മേയറുടെ വിവാദ പരാമര്‍ശത്തിനെതിരെ ആവിക്കല്‍തോട് കൗണ്‍സിലര്‍ എൻ.പി സഫിയ രംഗത്തെത്തി. എല്ലാവിധ മതവിഭാഗത്തിൽ പെട്ടവരും സമരത്തിലുണ്ട്. അവരെ മത തീവ്രവാദികളെന്ന് വിളിച്ചത് ഡെപ്യൂട്ടി മേയറും ബി.ജെ.പി അംഗവുമാണ്. ഇത് തികച്ചും പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.
ഡെപ്യൂട്ടി മേയറുടെ പരാമർശത്തെ അവജ്ഞയോടെ തള്ളുന്നുവെന്ന് ആവിക്കൽതോട് സമരസമിതി പ്രതികരിച്ചു. എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നൽകിയ സമരമാണിതെന്ന് സമരസമിതി ചെയര്‍മാന്‍ ടി. ദാവൂദ് പറഞ്ഞു.
ജനകീയ പ്രതിഷേധവും കോടതിവിധിയും കാരണം ആവിക്കൽതോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം തുടങ്ങാനായിരുന്നില്ല.
Adjust Story Font
16