ചിഹ്നമെന്ത്?; സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും അടയാളം പരിചയപ്പെടുത്താനാകാതെ പാലക്കാട്ടെ എൽഡിഎഫ്
കോൺഗ്രസ് വിട്ടെത്തിയ പി. സരിൻ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിനാലാണ് കാത്തിരിപ്പ്.
പാലക്കാട്: സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും വോട്ടർമാർക്ക് ചിഹ്നം പരിചയപ്പെടുത്താനാകാത്ത അവസ്ഥയിലാണ് പാലക്കാട് മണ്ഡലത്തിലെ ഇടതുപ്രവർത്തകർ. പാലക്കാടിന്റെ മുക്കിലും മൂലയിലും എൽഡിഎഫ് പോസ്റ്ററുകളിൽ പി. സരിന്റെ ചിരിച്ച മുഖം കാണാം. പക്ഷേ സരിനായി ഏത് ചിഹ്നത്തിൽ ആളുകൾ കുത്തണം അതിലെങ്ങും പറയുന്നില്ല.
കോൺഗ്രസ് വിട്ടെത്തിയ പി. സരിൻ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിനാലാണ് കാത്തിരിപ്പ്. നാമനിർദേശപത്രികാ സമർപ്പണ നടപടികൾക്ക് ശേഷമാകും സ്വതന്ത്ര സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കുക. രണ്ടാംഘട്ട പ്രചാരണത്തിന് ഇറങ്ങുമ്പോൾ ചിഹ്നം കൂടി ജനങ്ങളെ പരിചയപ്പെടുത്താനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
ചിഹ്നത്തിന്റെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ഇടത് സ്ഥാനാർഥി പി. സരിൻ മീഡിയവണിനോട് വ്യക്തമാക്കി. ജനങ്ങളെ വോട്ട് കുത്താൻ പ്രേരിപ്പിക്കുന്ന ചിഹ്നവുമായി പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിഹ്നം അവതരിപ്പിക്കുന്നതോടെ ജനങ്ങൾ മനസറിഞ്ഞ് തനിക്ക് വോട്ട് ചെയ്യുമെന്നാണ് ഇടതു സ്ഥാനാർഥിയുടെ പ്രതീക്ഷ.
Adjust Story Font
16