തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: ജില്ലാ കലക്ടർക്കെതിരെ സത്യവാങ്മൂലവുമായി ദേവസ്വം ഓഫീസർ
ദൂരപരിധി പാലിക്കാതെയാണ് ക്ഷേത്രം ഭാരവാഹികൾ ആനകളെ എഴുന്നള്ളിച്ചതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു
കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ആന എഴുന്നള്ളിപ്പില്‍ ജില്ലാ കലക്ടർക്കെതിരെ ദേവസ്വം ഓഫീസർ. ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് ദേവസ്വം. ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രമിച്ചുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ആദ്യ മൂന്നു ദിവസം മാർഗനിർദേശങ്ങൾ പാലിക്കാൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിച്ചു. എന്നാൽ, തുടക്കം മുതൽ ഭക്തർ പ്രതിഷേധിച്ചു. മാർഗനിർദേശങ്ങൾ പാലിക്കണമെന്ന നിർദേശത്തോട് ഭക്തർ സഹകരിച്ചില്ല. ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിക്കുകയാണെന്ന് ഭക്തർ ആരോപിക്കുകയായിരുന്നുവെന്നും ദേവസ്വം ഓഫീസർ പറഞ്ഞു.
തൃക്കേട്ട ദിനത്തിൽ കനത്ത മഴയത്തും വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. അപകടങ്ങൾ ഒഴിവാക്കാനാണ് ആനകളെ പന്തലിലേക്ക് മാറ്റിനിർത്തിയത്. മാർഗനിർദേശങ്ങൾ ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. കഴിഞ്ഞ വർഷത്തെപ്പോലെ ആനകളെ നിർത്താത്തതിന്റെ പേരിൽ വലിയ എതിർപ്പുണ്ടായിരുന്നുവെന്നും ദേവസ്വം ഓഫീസർ ചൂണ്ടിക്കാട്ടി.
ആന എഴുന്നള്ളിപ്പിൽ ക്ഷേത്രം ഭാരവാഹികളെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദൂരപരിധി പാലിക്കാതെയാണ് ആനകളെ എഴുന്നള്ളിച്ചതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാരവാഹികൾ ചെയ്തതു ജാമ്യമില്ലാ കുറ്റമാണെന്നും മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആനകളുടെ എഴുന്നളളിപ്പിൽ തൃപ്പൂണിത്തുറ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.
Summary: Devaswom officer files affidavit in High Court against District Collector over elephant procession during Vrischikolsavam at Tripunithura Poornathrayeesa Temple
Adjust Story Font
16