സി.എസ്.ഐ സഭയുടെ മൂന്നാറിലെ ധ്യാനം അനുമതിയില്ലാതെയെന്ന് ദേവികുളം സബ് കലക്ടർ
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ പ്രേം കൃഷ്ണൻ വ്യക്തമാക്കി
സി.എസ്.ഐ സഭ മൂന്നാറിൽ ധ്യാനം നടത്തിയത് അനുമതി ഇല്ലാതെയെന്ന് ദേവികുളം സബ് കലക്ടർ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ പ്രേം കൃഷ്ണൻ വ്യക്തമാക്കി.
ഏപ്രിൽ 13 മുതൽ 17 വരെയാണ് സി.എസ്.ഐ ദക്ഷിണ കേരള മഹാ സഭ മുന്നാറിലെ സി.എസ്.ഐweb ചർച്ചിൽ വൈദികർക്കായി ധ്യാനം സംഘടിപ്പിച്ചത്. കോവിഡ് കേസുകൾ വർധിച്ചതിനാൽ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കര്‍ശനമാക്കിയതിന് തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു ധ്യാനം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് ധ്യാനം നടത്തിയതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ നിരവധി പേര്‍ പങ്കെടുത്ത യോഗം അനുമതി ഇല്ലാതെയാണ് നടത്തിയതെന്ന് ദേവികുളം സബ് കലക്ടർ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്നെത്തിയ വൈദികരാണ് ധ്യാനത്തിലും യോഗത്തിലും പങ്കെടുത്തത്. എന്നാൽ എത്ര പേർ പങ്കെടുത്തു എന്നതിന് വ്യക്തതയില്ല. സഭാ വിശ്വാസിയായ വി.ടി മോഹനൻ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ 480 പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് ആരോപിച്ചിരുന്നത്. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് സബ് കലക്ടർ വ്യക്തമാക്കി.
ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ പിന്നീട് കോവിഡ് ചികിൽസയിലിരിക്കെ മരണപ്പെട്ടിരുന്നു. നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും, മറ്റുള്ളവർ നിരീക്ഷണത്തിൽ പോവുകയും ചെയ്തു. എന്നാൽ പൊതു ജനങ്ങളിൽ നിന്നാണ് വൈദികർക്ക് കോവിഡ് ബാധിച്ചതെന്നാണ് സഭയുടെ വാദം. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Adjust Story Font
16