Quantcast

ശബരിമലയിലെ ഭക്തജന പ്രവാഹം: ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും

ഇന്നലെ സർക്കാർ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    13 Dec 2022 1:24 AM GMT

ശബരിമലയിലെ ഭക്തജന പ്രവാഹം: ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും
X

കൊച്ചി: ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ സർക്കാർ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ജില്ലാ കലക്ടർ ഇന്ന് കോടതിയെ അറിയിക്കും.

മരക്കൂട്ടത്തിനു സമീപം തിരക്കിൽ പെട്ട് ഭക്തർക്കും പൊലീസുകാർക്കും പരിക്കേറ്റ സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായും ദേവസ്വം ബോർഡ് അഷ്ടാഭിഷേകത്തിൻ്റെ എണ്ണം ദിവസും പതിനഞ്ചായി കുറയ്ക്കുമെന്നും സന്നിധാനത്ത് 400 പൊലീസുകാരെ തിരക്ക് നിയന്ത്രിക്കാൻ വിന്യസിക്കുമെന്നും വെർച്വൽ ക്യൂ ബുക്ക് ചെയ്തതിൽ 85 ശതമാനം ആളുകളും ദർശനത്തിന് എത്തുന്നുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

നിലക്കലിലെ പാർക്കിംഗ് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ കരാറുകാരന് നോട്ടീസ് നൽകിയെന്ന് ദേവസ്വം ബോർഡ് പാർക്കിംഗ് സൗകര്യങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ കരാറുകാരെ പുറത്താക്കണമെന്നും കോടതി നിരീക്ഷിച്ചു. എല്ലാ തീർഥാടർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി പറഞ്ഞു.

അതേസമയം, ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു. പ്രതിദിനം ദർശനം നടത്താനുള്ള ഭക്തരുടെ എണ്ണം 90,000മായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ ധാരണയായത്. ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 1 ലക്ഷം കവിഞ്ഞതോടെയാണ് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്‍റും പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും പങ്കെടുത്തു.

ഒരു ലക്ഷത്തിലധികം പേർക്ക് അനുമതി കൊടുത്താൽ പലർക്കും ദർശനം നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കാൻ പ്രതിദിനം 90,000 പേർക്ക് അനുമതി കൊടുക്കാനാണ് യോഗത്തിൽ ധാരണയായത്. ഭക്തരുടെ തിരക്കും മറ്റു കാര്യങ്ങളും സംബന്ധിച്ച് ചർച്ചചെയ്യാൻ എല്ലാ ആഴ്ചയും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ യോഗം ചേരും.

ശരംകൊത്തി മുതൽ സന്നിധാനം വരെ ഭക്തർക്ക് വെള്ളവും ബിസ്ക്കറ്റും നൽകും. ഭക്തരെ പതിനെട്ടാം പടി കടക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. ദർശനത്തിന്‍റെ സമയം നീട്ടാൻ ആകുമോ എന്ന് മുഖ്യമന്ത്രിയും യോഗത്തിൽ ചോദിച്ചു. 138 കോടിയാണ് മണ്ഡലകാലത്തെ ഇതുവരെയുള്ള ദേവസ്വം ബോർഡിന്‍റെ വരുമാനം.

TAGS :

Next Story