ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം: റിപ്പോർട്ട് തേടി ഡി.ജി.പിയും എ.ഡി.ജി.പിയും
അറസ്റ്റിലായ ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ റിപ്പോർട്ട് തേടി ഉന്നത പൊലീസ് വൃത്തങ്ങൾ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടാണ് ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധത്തിൽ അറസ്റ്റിലായ 19 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിൽ ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഗവർണർക്കെതിരെ പ്രതിഷേധം തുടരാനുറച്ചാണ് എസ്.എഫ്.ഐ.
തിരുവനന്തപുരം കൻറോൺമെന്റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയവരെയാണ് തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കുക. ഇതിൽ ഏഴുപേർക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണ്. എഴുപേർക്കെതിരെ രണ്ട് കേസും ബാക്കിയുള്ളവർക്കെതിരെ ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ രാത്രിയാണ് തലസ്ഥാന നഗരി അസാധാരണ സംഭവവികാസങ്ങൾക്ക് സാക്ഷിയായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. വൈകീട്ട് കേരള സർവകലാശാല കാംപസിനു മുന്നിലാണു സംഭവം. ആക്രമണത്തിൽ ക്ഷുഭിതനായി ഗവർണർ കാറിൽനിന്ന് ചാടിയിറങ്ങി. പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു. ഗവർണറെ പൊതുനിരത്തിൽ തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Summary: The DGP and the ADGP in charge of law and order seek report on SFI protest against Governor Arif Muhammad Khan from the Thiruvananthapuram City Police Commissioner.
Adjust Story Font
16