ഷാറൂഖ് സെയ്ഫി കസ്റ്റഡിയിലെന്ന മീഡിയവൺ വാർത്ത നിഷേധിക്കാതെ ഡി.ജി.പി: ഉന്നതതലയോഗം ചേരും
എൻ.ഐ.എ ഉൾപെടെയുള്ള കേന്ദ്ര ഏജൻസികളും ആക്രമണത്തെ സംബന്ധിച്ച പ്രാഥമിക വിവരം പോലീസിനോട് തേടിയിട്ടുണ്ട്
ഡി.ജി.പി അനിൽ കാന്ത്- പൊലീസ് പുറത്ത് വിട്ട പ്രതിയുടെ രേഖാചിത്രം
കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ ആക്രമണത്തിലെ പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെന്ന മീഡിയവൺ വാർത്ത നിഷേധിക്കാതെ ഡി.ജി.പി അനിൽ കാന്ത്. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ഡി.ജി.പി മീഡിയവണിനോട് പറഞ്ഞു.
അതേസമയം കസ്റ്റഡിയിൽ ഉള്ള നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
ഔദ്യോഗികമായി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ എടുത്ത വിവരം പൊലീസ് സ്ഥിരീകരികുന്നില്ലെങ്കിലും ഇയാളെ ഇപ്പോഴും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ ഉച്ചയോടു കൂടിയാണ് ട്രെയിനിലെ തീവെപ്പ് കേസിൽ ഷാരൂഖ് സൈഫിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന് ശേഷം ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി, എം.ആര്‍ അജിത്കുമാർ ഇന്ന് സ്ഥലത്തെത്തും. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കസ്റ്റഡി വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാനാണ് പോലീസിന്റെ നീക്കം. നോയിഡയിൽ നിന്ന് കാണാതായ ഷാറൂഖ് സെയ്ഫി ഇയാൾ തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ, ആക്രമണത്തിൻ്റെ ലക്ഷ്യം എന്താണ് എന്നീ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എൻ.ഐ.എ ഉൾപെടെയുള്ള കേന്ദ്ര ഏജൻസികളും ആക്രമണത്തെ സംബന്ധിച്ച പ്രാഥമിക വിവരം പോലീസിനോട് തേടിയിട്ടുണ്ട്.
Watch Video Report
Adjust Story Font
16