പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ഡി.ജി.പിയുടെ പുതിയ മാര്‍ഗനിര്‍ദേശം
പൊലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയം പറയുന്നത് നിയന്ത്രിക്കണമെന്നതടക്കം മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ഡി.ജി.പിയുടെ പുതിയ മാര്‍ഗനിര്‍ദേശം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ എസ്.എച്ച്ഒമാർ നേരിട്ട് അന്വേഷണം നടത്തണം. പൊലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയം പറയുന്നത് നിയന്ത്രിക്കണമെന്നതടക്കം മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നേരിട്ട് അന്വേഷിക്കണം.
സ്ത്രീധന പീഡന പരാതികളിലും അസ്വാഭാവിക മരണങ്ങളിലും കർശന നടപടി ഉറപ്പാക്കണം. എല്ലാ പരാതികളിലും പരാതിക്കാർക്ക് രസീത് ഉടൻതന്നെ കൈമാറണം. മദ്യലഹരിയിലുള്ള പ്രതികളെ പെട്ടെന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ തുടർനടപടി സ്വീകരിക്കാവൂ. സ്റ്റേഷനുകളിൽ കസ്റ്റഡിയിലുള്ള പ്രതികൾ ആരൊക്കെയെന്ന് ഡിവൈഎസ്പിമാർ അറിഞ്ഞിരിക്കണം. അനധികൃത കസ്റ്റഡികൾ പാടില്ല എന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്കടക്കം നൽകിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
പൊലീസുകാർ സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയം പറയുന്നത് നിയന്ത്രിക്കണമെന്നും സാമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഔദ്യോഗിക മേൽവിലാസമോ ഫോൺ നമ്പരോ ഉപയോഗിക്കരുതെന്നും ഡിജിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ കെട്ടിക്കിടക്കുന്നതിൽ ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നും ഡി.ജി.പി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Adjust Story Font
16