‘താൻ സുരക്ഷിതൻ ആണെന്ന് ധനേഷ്’ ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി കുടുംബവുമായി സംസാരിച്ചു
ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ ധനേഷ് ഉൾപ്പടെ മൂന്ന് മലയാളികളാണുള്ളത്
വയനാട്: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു. വയനാട് സ്വദേശിയായ ധനേഷ് അമ്മയുടെ ഫോണിൽ വിളിച്ച് സംസാരിച്ചു.‘താൻ സുരക്ഷിതൻ ആണെന്ന് പറഞ്ഞുവെന്ന് കുടുംബം പറഞ്ഞു. അപ്പോൾ തന്നെ ഫോൺ കട്ടായെന്ന് ധനേഷിന്റെ അച്ഛൻ പറഞ്ഞു. വയനാട് പാൽവെളിച്ചം സ്വദേശിയാണ് ധനേഷ്.
ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ ധനേഷ് ഉൾപ്പടെ മൂന്ന് മലയാളികളാണുള്ളത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് മറ്റുള്ളവർ. കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് നിയന്ത്രണത്തിലാക്കിയത്. ഇതിൽ 17 ഇന്ത്യൻ ജീവനക്കാരുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു.
കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് ശ്യാംനാഥ്. സംഭവത്തിനുശേഷം ഇദ്ദേഹം വീട്ടിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കുടുംബം മീഡിയവണിനോട് പറഞ്ഞു. ഈ മാസം 16നു നാട്ടിൽ വരാനിരിക്കുകയായിരുന്നു യുവാവ്. പത്തു വർഷമായി ഇതേ കമ്പനിയുടെ കപ്പലുകളിലാണ് സുമേഷ് ജോലി ചെയ്യുന്നത്. എട്ടു വർഷമായി ഇതേ കപ്പലിൽ ജീവനക്കാരനാണ് പാലക്കാട് സ്വദേശി സുമേഷ്. കപ്പൽ പിടികൂടിയ ശേഷം ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ കുടുംബത്തിനായിട്ടില്ല.
ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 'എം.എസ്.സി ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ നിയന്ത്രണത്തിലാക്കിയതായി അറിയാനായി. കപ്പലിൽ 17 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് മനസ്സിലാക്കുന്നു. തെഹ്‌റാനിലും ഡൽഹിയിലും നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കും'-അധികൃതർ അറിയിച്ചു.
ഗോർട്ടൽ ഷിപ്പിങ് കമ്പനിയിൽ നിന്ന് അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എം.എസ്.സിയാണ് ഏരീസ് കപ്പൽ പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്പനിയാണ് ഗോർട്ടൽ ഷിപ്പിങ്. കപ്പലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എം.എസ്.സിയാണെന്ന് ഉത്തരവാദിയെന്ന് സോഡിയാക് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സോഡിയാക് ഭാഗികമായി ഇസ്രായേലി വ്യവസായി ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഈ മാസമാദ്യം സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇക്കും ഇറാനുമിടയിലുള്ള ഹോർമുസ് കടലിടുക്കിൽനിന്ന് കപ്പൽ പിടിച്ചെടുത്തത്. ഇതിനു പിന്നാലെ ഇന്നലെ വിവിധ ഇസ്രായേൽ പ്രദേശങ്ങൾക്കുനേരെ ഇറാന്റെ ഡ്രോൺ ആക്രമണവും നടന്നു. കപ്പൽ യു.എ.ഇയിൽനിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്തേക്കു വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Adjust Story Font
16