ധീരജ് വധക്കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പെട്ടെന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ്
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നിഖിൽ പൈലി ജെറിൻ ജോജോ എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇടുക്കി മജിസ്‌ട്രേറ്റിന് മുൻപിലാണ് ഹാജരാക്കുക. ഇവരുടെ കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയായിരിക്കും പോലിസ് ഇന്ന് ഇടുക്കി കോടതിയിൽ പ്രതികളെ ഹാജരാക്കുക. കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് പോലീസ് എഫ്.ഐ.ആർ. എന്നാൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പെട്ടെന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ധീരജിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. കണ്ടാലറിയാവുന്ന നാല് പേരും പോലീസിന്റെ പ്രതിപ്പട്ടികയിലുണ്ട്.ഇതിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. അതേ സമയം ആക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തൃശൂർ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമൽ എന്നിവർ അപകടനില തരണം ചെയ്തു.
Adjust Story Font
16