ധീരജിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മൃതദേഹം വിലാപയാത്രയായി തളിപ്പറമ്പിലേക്ക് കൊണ്ടുപോകും
ധീരജ് രാജേന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വെക്കും
ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പൊലീസ് സർജന്‍റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ്മോർട്ടം നടക്കുക. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത നിഖിൽ പൈലി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ധീരജ് രാജേന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വെക്കും. ഒന്‍പത് മണിയോടെ വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമൽ എന്നിവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിഖിലിനെ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയിലാകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ ക്യാംപസിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ധീരജ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Adjust Story Font
16