ബാങ്ക്, നമസ്‌കാരം, ഡോക്യുമെന്ററി; രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ വേറിട്ട പ്രതിഷേധം
ബാബരി മസ്ജിദ് തകർച്ചയെ കുറിച്ച് ആനന്ദ് പട്‌വർധൻ തയാറാക്കിയ 'രാം കെ നാം' എന്ന വിഖ്യാത ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.
തൃശൂർ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ. 1992ൽ കർസേവകർ തകർത്ത ബാബരി മസ്ജിദിന്റെ ഓർമയ്ക്ക് ബാങ്ക് വിളിച്ചും നമസ്‌കരിച്ചുമാണ് വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായത്. ഹല്ലാ ബോൽ എന്ന വിദ്യാർഥി കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബാബരി മസ്ജിദ് തകർച്ചയെ കുറിച്ച് ആനന്ദ് പട്‌വർധൻ തയാറാക്കിയ 'രാം കെ നാം' എന്ന വിഖ്യാത ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. പ്രദർശനത്തിന് ശേഷം നടന്ന സംവാദത്തിൽ ഓൺലൈൻ വഴി സംവിധായകനും പങ്കെടുത്തു. സാമുദായിക വൈറസ് ബാധിക്കാത്ത ഇടമാണ് കേരളമെന്ന് ആനന്ദ് പട്‌വർധൻ പറഞ്ഞു.
ഫാസിസത്തിനും മതഭ്രാന്തിനുമെതിരെ ഒരു ദിവസം ജനം ഉണരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശിച്ചു. 'ഇതേ ആളുകൾ തന്നെ തിരിഞ്ഞുനോക്കി ഞങ്ങൾ എത്ര വിഡ്ഢികളായിരുന്നു തിരിച്ചറിയും. 'രാം കെ നാം' ചിത്രീകരണ വേളിൽ ഒരു എതിർപ്പും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പ്രദർശനം ആരംഭിച്ച വേളയിലാണ് എതിർപ്പുകളെല്ലാം ഉണ്ടായത്'- പട്‌വർധൻ കൂട്ടിച്ചേർത്തു.
'ചരിത്രപരമായ സ്മൃതിഭ്രംശനത്തിനെതിരെ ഒരുമിച്ച്' എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധ പരിപാടികൾ. ക്യാംപസ് ഓഡിറ്റോറിയത്തിന് മുമ്പിൽ വൈകിട്ട് അഞ്ചരയ്ക്ക് നടന്ന നമസ്‌കാരത്തിന് അമീർ സുഹൈൽ നേതൃത്വം നൽകി. ലിംഗ-മതഭേദമെന്യേ വിദ്യാർഥികൾ അംഗശുദ്ധി (വുളൂഅ്) വരുത്തി കൂട്ടനമസ്‌കാരത്തിൽ പങ്കുകൊണ്ടു. വിശുദ്ധ ഖുർആനിലെ ഒന്നാം അധ്യായമായ സൂറത്തുൽ ബഖറയിലെ 285-ാം സൂക്തം ആമനർറസൂലു പാരായണം ചെയ്തായിരുന്നു നമസ്‌കാരം.
അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് രാംലല്ല വിഗ്രഹം സ്ഥാപിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യകാർമികനായി. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസ്, കാശിയിലെ മുഖ്യപുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Adjust Story Font
16