Quantcast

മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ്; തട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളി കൊയ്തപറമ്പിൽ ജാഫറിനെയാണ് സൈബർ പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    6 Dec 2024 12:34 PM GMT

Digital arrests by posing as Mumbai Cyber police;One arrested
X

എറണാകുളം: മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് വഴി എറണാകുളം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി കൊയ്തപറമ്പിൽ ജാഫറിനെയാണ് സൈബർ പൊലീസ് പിടികൂടിയത്. ജാഫറിൻ്റെ അക്കൗണ്ടിലേക്കാണ് പരാതിക്കാരൻ അഞ്ച് ലക്ഷം രൂപ അയച്ചത്. സംഭവത്തിൽ ഒക്ടോബർ മൂന്നിന് കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് തുഫൈലിനെ സൈബർ പൊലീസ് പിടികൂടിയിരുന്നു. ഫെബ്രുവരിയിലാണ് സംഭവം നടന്നത്.

കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിലെ സ്റ്റാഫ് ആണെന്ന വ്യജേന വിളിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്റെ പേരില്‍ മുംബൈയിലുള്ള വിലാസത്തില്‍ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് നിയമവിരുദ്ധമായി എടിഎം കാര്‍ഡ്, ലാപ്‌ടോപ്, എംഡിഎംഎ, പണം ഉള്‍പ്പടെയുള്ളവ അയച്ചിട്ടുണ്ടെന്ന് പ്രതി വിളിച്ചുപറഞ്ഞു. പിന്നാലെ ഫോണിലൂടെ മുംബൈ സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും സംഭവവുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടര്‍ന്ന് പരാതിക്കാരന്റെ അക്കൗണ്ട് കോടതിയില്‍ പരിശോധിക്കുന്നതിനുള്ള തുകയായി അഞ്ച് ലക്ഷത്തോളം രൂപ നോട്ടറിയുടെ ബാങ്ക് എന്ന് പറഞ്ഞ അക്കൗണ്ടിലേക്ക് അയപ്പിച്ചു. പരാതിക്കാരന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിനായി 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

കൊച്ചി സിറ്റി സൈബര്‍ പോലീസിന് കൈമാറിയ കേസില്‍ വിശദമായ പരിശോധനയില്‍ പ്രതിക്കുറിച്ചുള്ള വിവരം ലഭിച്ചു. പിന്നാലെ സിറ്റി ഡിസിപി കെ.എസ് സുദര്‍ശൻ്റെയും, അസി. കമ്മീഷണര്‍ എം.കെ മുരളിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story