നടിയെ അക്രമിച്ച കേസ്: ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് കോടതി
കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.
ദിലീപിന്‍റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചപ്പോഴാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോടതി ജീവനക്കാര്‍ വഴിയാണോ വിവരങ്ങള്‍ ചോര്‍ന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ബൈജു പൌലോസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്നു. ഈ സാഹചര്യത്തിലാണ് ബൈജു പൌലോസിനോട് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്. ഈ മാസം 12നാണ് കേസ് പരിഗണിക്കുക.
അതേസമയം തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എം വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
Adjust Story Font
16