''ദിലീപ് 'ഇക്ക' എന്നാണ് വിളിക്കാറുള്ളത്; ബിസിനസില്‍ മുടക്കിയ പണവും ലാഭവും ഇതുവരെ കിട്ടിയിട്ടില്ല''
''ഞാൻ വിഐപി അല്ല. സാധാരണക്കാരനായ പ്രവാസിയാണ്. ഇപ്പോൾ ഇങ്ങനെ കേട്ടപ്പോൾ ഒരു കുളിർമയൊക്കെ തോന്നി. അങ്ങനെയെങ്കിലും ഒരു വിഐപി ആയല്ലോ..''-മെഹബൂബ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു
ദിലീപ് തന്നെ 'ഇക്ക' എന്നാണ് വിളിക്കാറുള്ളതെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. എന്നാൽ, പെൻഡ്രൈവ് കൈമാറാനുള്ള ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ല. ദിലീപുമായി ബിസിനസ് ബന്ധത്തിനപ്പുറം മറ്റൊന്നുമില്ല. ദിലീപുമായി ചേർന്നുള്ള ബിസിനസിൽ മുടക്കിയ പണമോ അതിൽനിന്നുള്ള ലാഭമോ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളോട് മെഹബൂബ് പറഞ്ഞു. നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വ്യവസായിയാണെന്നുള്ള പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
''ദിലീപ് എന്റെ ആരുമല്ല. ഞാൻ അദ്ദേഹവുമായുള്ള ബിസിനസിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അതിന്റെ ലാഭമൊന്നും കിട്ടിയിട്ടുമില്ല. മുടക്കുമുതലിനുള്ള ലാഭം കിട്ടിയിട്ടില്ല. ഇക്ക എന്നാണ് ദിലീപ് വിളിക്കാറുള്ളത്. എന്നാൽ, പെൻഡ്രൈവ് കൊടുക്കാനുള്ള ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ല. പെൻഡ്രൈവ് കൊടുത്തിട്ടുമില്ല. മറ്റു പ്രൊജക്ടുകളുമായും വ്യക്തിപരമായ കാര്യങ്ങളുമായും ബന്ധമില്ല. ദിലീപിന്റെ സഹോദരനെ കണ്ടിട്ടുപോലുമില്ല''-മെഹബൂബ് പറഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ടുള്ള ബന്ധമാണ് ദിലീപുമായുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയിൽ മോശമായി ഒന്നും തോന്നിയിട്ടില്ല. ഖത്തറിലെ ദേ പുട്ടിന്റെ ഉദ്ഘാടനസമയത്ത് എൻറെ ഭാര്യ, മക്കൾ, മരുമകൾ, അമ്മ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. അമ്മമാരെ വച്ച് പരിപാടി ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ അമ്മയ്ക്ക് എത്താനായില്ല. തുടർന്ന് എന്റെയും മറ്റ് പാർട്ണർമാരുടെയും അമ്മമാർ ചേർന്ന് ദീപംകൊളുത്തിയാണ് ഉദ്ഘാടനം നിർവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചുനൽകിയ വിഐപി താനല്ലെന്ന് മെഹബൂബ് അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു വർഷം മുൻപ് ഖത്തറിൽ 'ദേ പുട്ട്' തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. സത്യസന്ധമായ കാര്യങ്ങൾ പറയും. എല്ലാ പരിശോധനയ്ക്കും തയാറാണ്. നുണപരിശോധനയ്ക്കും തയാറാണെന്നും മെഹബൂബ് വ്യക്തമാക്കി.
താൻ വിഐപി അല്ലെന്നും സാധാരണക്കാരനായ പ്രവാസിയാണെന്നും മെഹബൂബ് പറഞ്ഞു. ''ഇപ്പോൾ ഇങ്ങനെ കേട്ടപ്പോൾ ഒരു കുളിർമയൊക്കെ തോന്നുന്നു. അങ്ങനെയെങ്കിലും ഒരു വിഐപി ആയല്ലോ..''-മെഹബൂബ് അബ്ദുല്ല പറഞ്ഞു.
Adjust Story Font
16