ദിലീപിന്റെ ഫോണുകള്‍ ഇന്ന് മുംബൈയില്‍ നിന്ന് എത്തിക്കും; മുംബൈയിലുള്ളത് 2 ഫോണുകള്‍ മാത്രം
നാല് ഫോണുകളില്‍ രണ്ടെണ്ണം സഹോദരന്‍ അനൂപിന്‍റെയും ഒന്ന് ബന്ധു അപ്പുവിന്‍റേതുമാണ്
വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപിന്‍റെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളത്. നാല് ഫോണുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. നാളെ രാവിലെ അഭിഭാഷകർ ഫോൺ കോടതിയിൽ ഹാജരാക്കും.
നാല് ഫോണുകളില്‍ രണ്ടെണ്ണം സഹോദരന്‍ അനൂപിന്‍റെയും ഒന്ന് ബന്ധു അപ്പുവിന്‍റേതുമാണ്. ഈ ഫോണുകള്‍ കേരളത്തില്‍ തന്നെയുണ്ട്. മുംബൈയിലുള്ള രണ്ട് ഫോണുകള്‍ ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തിക്കും. നാളെ രാവിലെ 10.15നു മുന്‍പായി ഫോണുകള്‍ കോടതിയിലെത്തിക്കണം. ഫോണുകള്‍ എവിടെയാണ് പരിശോധന നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കും. പരിശോധനാ റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുന്ന ഗൂഢാലോചന കേസില്‍ ഫോണുകളില്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകില്ലെന്ന പ്രോസിക്യൂഷന്‍ നിലപാടാണ് ദിലീപിന് തിരിച്ചടിയായത്. സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സ്വാധീനം ഉണ്ടാകുമെന്നുമായിരുന്നു ദിലീപിന്‍റെ വാദം. തന്നെ പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും കോടതി ദയ കാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തെളിവായ ഫോൺ കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വിവിധ കോടതികൾ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് ശേഷം പ്രതികള്‍ ഫോൺ മാറ്റി. ഇത്തരം കാരണങ്ങൾ കൊണ്ട് ദിലീപിന് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 2017ൽ ദിലീപ് അടക്കം മൂന്ന് പ്രതികൾ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷനു മൊബൈൽ കണ്ടുകെട്ടാൻ അവകാശമുണ്ട്. അത് നോട്ടിഫൈഡ് ഏജൻസി വഴി പരിശോധിക്കാൻ ഉള്ള അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ എല്ലാം മുംബൈയിലാണെന്നും അത് എത്തിക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്നുമുളള വാദങ്ങൾ എല്ലാം തള്ളിയാണ് ദിലീപ് അടക്കം പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്. ദിലീപടക്കമുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.
Adjust Story Font
16